India
“രാഹുൽ ​ഗാന്ധി രാജ്യത്തെ ഏറ്റവും വലിയ കോമാളി’’- കെ.ചന്ദ്രശേഖര റാവു
India

“രാഹുൽ ​ഗാന്ധി രാജ്യത്തെ ഏറ്റവും വലിയ കോമാളി’’- കെ.ചന്ദ്രശേഖര റാവു

Web Desk
|
6 Sep 2018 2:28 PM GMT

രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതും കണ്ണിറുക്കി കാണിച്ചതുമെല്ലാം രാജ്യം കണ്ടതാണെന്നും കെ.സി.ആർ പറഞ്ഞു

തെലങ്കാനയില്‍ നിയമസഭ പിരിച്ച് വിട്ടതിന് ശേഷം മറ്റൊരു വിവാദത്തിന് കൂടി തിരി കൊളുത്തുകയാണ് നിലവിലെ തെലങ്കാന കാവൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ‘രാജ്യത്തെ ഏറ്റവും വലിയ കോമാളി’ എന്ന് വിളിച്ചാണ് തെലങ്കാനയിലെ തങ്ങളുടെ പ്രധാന എതിരാളികളായ കോൺഗ്രസിനെ കെ.സി.ആർ കടന്നാക്രമിച്ചത്.

രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതും കണ്ണിറുക്കി കാണിച്ചതുമെല്ലാം രാജ്യം കണ്ടതാണെന്നും കെ.സി.ആർ പറഞ്ഞു. തെലങ്കാനയിൽ വലിയ പ്രചരണങ്ങൾ നടത്താനുള്ള രാഹുൽ ഗാന്ധിയുടെ പദ്ധതികളെ എങ്ങിനെ നോക്കികാണുന്നുവെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് എത്രത്തോളം രാഹുൽ തെലങ്കാനയിൽ പ്രചരണം നടത്തുന്നോ, അത്ര തന്നെ അത് തങ്ങൾക്ക് ഗുണകരമാകുമെന്ന് പറഞ്ഞ് കെ.സി.ആർ കൈയ്യടി നേടി.

ഇലക്ഷനിൽ ജനങ്ങൾ കോൺഗ്രസിന് മറുപടി നൽകുമെന്നും 2014ന് മുൻപ് സംസ്ഥാനത്തുണ്ടായിരുന്ന ഭീകര പ്രവര്‍ത്തനങ്ങളും വൈദ്യുതി പ്രശ്നങ്ങളും വർഗീയ ആക്രമണങ്ങളുമൊന്നും ഇന്ന് തെലങ്കാനയിലില്ലെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പും തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ച് നടന്നാൽ അത് നരേന്ദ്ര മോദി-രാഹുൽ ഗാന്ധി പോരായി കണക്കാക്കുമെന്നും അത് കോൺഗ്രസിനെ മാത്രമാണ് സഹായിക്കുകയെന്നും കെ.സി.ആർ അഭിപ്രായപ്പെട്ടു.

ഇതിനിടെ ചന്ദ്രശേഖര റാവുവിനെ പുതുയുഗത്തിലെ തുക്ലക്ക് എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലാ രംഗത്ത് വന്നു. ടി.ആർ.എസ് സ്വതന്ത്രമായിത്തന്നെ തെരഞ്ഞെടുപ്പ് നേരിടുമെന്നും ബി.ജെ.പിയുമായി യാതൊരു സൗഹൃദത്തിനും തയാറല്ലെന്നും കെ.ചന്ദ്രശേഖര റാവു പറഞ്ഞു.

Similar Posts