ഇതെന്താ തമാശയാണോ? ; വാട്സാപ്പിലൂടെ വിചാരണ നടത്തിയ ജാർഖണ്ഡ് കോടതിയെ കണക്കിന് വിമർശിച്ച് സുപ്രീം കോടതി
|ക്രിമിനൽ കേസിലെ വിചാരണ വാട്സാപ്പ് വഴി നടത്തിയതിന് ജാർഖണ്ഡിലെ കീഴ്കോടതിക്കെതിരെ രൂക്ഷമായ വിമർശനവുമായി സുപ്രീം കോടതി. ഇത്തരം കോമാളിത്തരം ഇന്ത്യയിലെ ഒരു കോടതി മുറിക്കുള്ളിൽ എങ്ങനെ അനുവദിക്കപ്പെട്ട എന്ന് ആശ്ച്ചര്യപ്പെട്ട സുപ്രീം കോടതി ഇതെന്താ തമാശയാണോ എന്ന് ചോദിക്കുകയും ചെയ്തു.
ജാർഖണ്ഡിലെ ഒരു മുൻ മന്ത്രിയും അദ്ദേഹത്തിന്റെ അഭിഭാഷകയായ ഭാര്യയും ഉൾപ്പെട്ട കേസിലാണ് ജാർഖണ്ഡ് കോടതിയുടെ വിചിത്ര നടപടി. 2016 ലെ ഒരു കലാപ കേസിൽ ആരോപിതരായ മുൻ മന്ത്രി യോഗേന്ദ്ര സാവുവിനും അയാളുടെ ഭാര്യ നിർമല ദേവിക്കും കഴിഞ്ഞ വർഷമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഭോപ്പാലിൽ തന്നെ നിൽക്കണമെന്നും കോടതി നടപടികൾക്കല്ലാതെ ജാർഖണ്ഡിൽ പ്രവേശിക്കരുതെന്നുമുള്ള നിബന്ധനകൾ പ്രകാരമാണ് ഇരുവർക്കും ജാമ്യം നൽകിയത്.
എന്നാൽ, ഏപ്രിൽ 19 ന് കേസിൽ വിചാരണ നടത്തുന്ന കീഴ്കോടതി ജഡ്ജ് വാട്സാപ്പ് കാൾ മുഖേനയാണ് തങ്ങൾക്കെതിരെ കുറ്റം ചുമത്തിയതെന്ന് ഇരുവരും സുപ്രീം കോടതിയെ അറിയിച്ചു. ഇവരുടെ പ്രസ്താവന പരിഗണനക്കെടുത്ത എസ്എ ബോബ്‌ഡെ, എൽഎൻ റാവു എന്നിവരടങ്ങിയ ബെഞ്ച് ജാർഖണ്ഡ് കോടതിയെ രൂക്ഷമായി വിമർശിച്ചു.
"വാട്സാപ്പിലൂടെയാണ് വിചാരണ നടത്തിയിരിക്കുന്നത്. ഇതെന്ത് വിചാരണയാണ്. ഇതെന്തോ തമാശയാണോ?" ജാർഖണ്ഡിന് വേണ്ടി ഹാജരായ അഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചു.
തങ്ങളുടെ കേസിന്റെ വിചാരണ ന്യൂ ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കുറ്റാരോപിതരായ മുൻ മന്ത്രിയും ഭാര്യയും സമർപ്പിച്ച ഹരജിയിൽ ജാർഖണ്ഡ് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ രണ്ടാഴ്ചക്കുള്ളിൽ പ്രതികരണമറിയിക്കാനും കോടതി ആവശ്യപ്പെട്ടു.
അതെസമയം, യോഗേന്ദ്ര സാവു ജാമ്യ നിബന്ധനകൾ ലംഘിക്കുന്നുവെന്നും മിക്ക സമയവും അയാൾ ഭോപ്പാലിന് പുറത്താണെന്നും ജാർഖണ്ഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, അത് മറ്റൊരു വിഷയമാണെന്നും ജാമ്യ നിബന്ധന ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് കൊണ്ട് അപേക്ഷ സമർപ്പിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.