സര്‍ക്കാര്‍ സേവനങ്ങള്‍, ഡല്‍ഹിയില്‍ ഇനി വീട്ടുപടിക്കല്‍
|റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വാട്ടര്‍ കണക്ഷന്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ 40 തരം സേവനങ്ങള്‍ ഇനി മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങാതെ തന്നെ പൌരന്‍മാര്‍ക്ക് ലഭ്യമാകും.
സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതിക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ടത്തില്‍ 40 തരം സേവനങ്ങളാകും പൌരന്‍മാര്‍ക്ക് വീട്ടുപടിക്കല്‍ ലഭ്യമാകുക. ഭരണനിര്‍വഹണത്തിലെ വിപ്ലവകരമായ ചുവട് വെപ്പ് എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പദ്ധതിയെ വിശേഷിപ്പിച്ചത്.
ആം ആദ്മി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിക്കാണ് ഇന്ന് മുതല്‍ തുടക്കമാകുന്നത്. ലോകത്തില്‍ തന്നെ ആദ്യമായാണ് സേവനങ്ങള്‍ പൌരന്‍മാര്‍ക്ക് വീട്ടുപടിക്കല്‍ എത്തിക്കാന്‍ ഒരു സര്‍ക്കാര്‍ തയ്യാറാകുന്നതെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ അവകാശവാദം. റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വാട്ടര്‍ കണക്ഷന്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ 40 തരം സേവനങ്ങള്‍ ഇനി മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങാതെ തന്നെ പൌരന്‍മാര്‍ക്ക് ലഭ്യമാകും. നിലവിലെ 40 എന്നത് ഭാവിയില്‍ വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
സ്വകാര്യ ഏജന്‍സിയുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. കോള്‍ സെന്ററില്‍ ആവശ്യമായ സേവനം രജിസ്റ്റര്‍ ചെയ്യുകയാണ് ഇതിനായി ആദ്യം വേണ്ടത്. ശേഷം മൊബൈല്‍ സഹായക് വീട്ടിലെത്തി ആവശ്യമായ രേഖകളെല്ലാം ശേഖരിക്കും. ഇതിനായി ക്യാമറ, ബയോമെട്രിക് ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ മൊബൈല്‍ സഹായകര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഡ്രൈവിങ് ലൈസന്‍സ് എടുക്കേണ്ടവര്‍ക്ക് മാത്രം ടെസ്റ്റിനായി ഒരിക്കല്‍ മോട്ടോര്‍ ലൈസന്‍സ് ഓഫീസില്‍ എത്തേണ്ടി വരുമെന്നത് ഒഴിച്ചാല്‍ ബാക്കിയെല്ലാം വീട്ടുപടിക്കല്‍ ലഭ്യമാക്കും.
സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി ഇല്ലാതാക്കാനും ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങുന്നത് ഒഴിവാക്കാനുമടക്കമുള്ള കാര്യങ്ങളാണ് പദ്ധതിയുടെ ഗുണഫലമായി സര്‍ക്കാര്‍ എടുത്തുകാട്ടുന്നത്. ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ എതിര്‍ത്തിരുന്ന പദ്ധതി പിന്നീട് സുപ്രീകോടതി ഭരണഘടനാബെഞ്ച് അനുമതി നല്‍കിയോടെയാണ് യാഥാര്‍ത്ഥ്യമാകുന്നത്.