ആകാശത്തേക്ക് വെടിവെച്ച് ബിജെപി യുവമോര്‍ച്ച നേതാക്കളുടെ പിറന്നാളാഘോഷം: വീഡിയോ
|ആഘോഷത്തിന്റെ വീഡിയോ സഹിതം തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ്...
മധ്യപ്രദേശിലെ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ എക്സിക്യൂട്ടീവ് മെമ്പര്‍ രാഹുല്‍ രാജ്പുട്ടിന്റെ പിറന്നാളായിരുന്നു ഞായറാഴ്ച. രാഹുലും പാര്‍ട്ടിയുടെ തന്നെ ജില്ലാ പ്രസിഡന്റ് നിതിന്‍ ഡുബെയും പിറന്നാള്‍ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിവെക്കുന്ന ദൃശ്യങ്ങള്‍ വിവാദമാകുന്നു. ഭോപ്പാലിലെ ബൈരാഗറിലാണ് സംഭവം.
ഞായറാഴ്ച, തന്റെ പിറന്നാള്‍ ആഘോഷത്തിനിടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ അപേക്ഷപ്രകാരമാണ് താനും നിതിനും ആകാശത്തേക്ക് തോക്കുപയോഗിച്ച് വെടിവെച്ചതെന്നാണ് രാഹുല്‍ നല്കുന്ന വിശദീകരണം. തങ്ങളുപയോഗിച്ചത് ചൈനീസ് നിര്‍മ്മിത തോക്കാണെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.
‘’സംഭവിച്ചതെന്തായാലും അതിന് ഉത്തരവാദി താനാണ്. അത് ഒരു ചൈനീസ് നിര്‍മ്മിത തോക്കാണ്. അല്ലാതെ, എന്റെ ലൈസന്‍സ്ഡ് റിവോള്‍വര്‍ അല്ല. എന്റെ പ്രവര്‍ത്തകര്‍ എന്റെ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു. അതില്‍ ഒരു പ്രവര്ത്തകന്, വെടിപൊട്ടിക്കാന്‍ എന്നോടും നിതിനോടും അപേക്ഷിക്കുയായിരുന്നു. തുടര്‍ന്ന് ഞാനും നിതിനും അദ്ദേഹത്തിന്റെ തോക്കുപയോഗിച്ചു എന്നത് ശരിയാണെന്നാ’’യിരുന്നു, രാഹുല്‍ നല്കിയ വിശദീകരണം.
ദൃശ്യങ്ങളുടെ പതിപ്പുകള്‍ സഹിതം തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് ബൈരാഗര്‍ പൊലീസ് അറിയിച്ചു. പരാതിയെ കുറിച്ച് തങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും, ആഘോഷങ്ങളുടെ ഭാഗമായി ലൈസന്‍സ് തോക്കുപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ബൈരാഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മഹേന്ദ്ര സിംഗ് ചൌഹാന് അറിയിച്ചു.