പി.എൻ.ബി തട്ടിപ്പ് കേസ്: നീരവ് മോദിയുടെ സഹോദരിക്കെതിരെ ഇന്റർപോളിന്റെ റെഡ് നോട്ടീസ്
|പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ സഹോദരി പൂർവി മോദിക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു.
13578 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയ നീരവ് മോദിയെ പണം വെളുപ്പിച്ചെടുക്കാൻ സഹായിച്ചത് സഹോദരിയാണെന്നാണ് ആരോപണം. സിംഗപ്പൂരിലും ഹോംഗ് കോംഗിലുമുള്ള ചില കമ്പനികൾ മുഖേന ഇവർ നടത്തിയ ഇടപാടുകളും നിരീക്ഷണത്തിലാണ്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം നീരവ് മോദിയുടെ വിശ്വസ്തനായ മിഹിർ ബന്സാലിക്കെതിരെയും ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നീരവ് മോദിയുടെ അമേരിക്കയിലെ ഇടപാടുകൾക്ക് മേൽനോട്ടം വഹിച്ചിരുന്നതും പണം വെളുപ്പിച്ചെടുക്കാൻ ഡമ്മി കമ്പനികൾ ഉണ്ടാക്കിയതും ഇയാളാണ്.
നീരവ് മോദി, സഹോദരൻ നീഷാൽ മോദി എന്നിവരുൾപ്പെടെ അഞ്ചു പേർക്കെതിരെ ഇത് വരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.