സൊഹ്റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസ്: വൻസാരയടക്കമുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ടു
|2014 മുതൽ 2018 വരെയുള്ള കാലയളവിൽ ഇൗ കേസിൽ പ്രതി ചേർക്കപ്പെട്ട 38 പേരിൽ 15 പേരെ വെറുതെ വിട്ടിരുന്നു. അതിൽ 14 പോലീസുകാരും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും ഉൾപ്പെടുന്നു.
സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ഡി.ജി വൻസാരയടക്കം ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ഹർജികൾ മുംബൈ ഹൈക്കോടതി തള്ളി.
ഗുജറാത്ത് എെ.പി.എസ് ഉദ്യോഗസ്ഥൻ രാജ്കുമാർ പാണ്ഡ്യൻ, ആന്റി ടെററിസ്റ്റ് സ്ക്വാഡ് മേധാവി ഡി.ജി വൻസാര, ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥൻ എൻ.കെ അമിൻ, രാജസ്ഥാൻ എെ.പി.എസ് ഉദ്യോഗസ്ഥൻ ദിനേശ് എം.എൻ, രാജസ്ഥാൻ പോലീസ് ഉദ്യോഗസ്ഥൻ ദളപത് സിങ് റാഥോഡ് എന്നിവരെയാണ് മുംബൈ ഹൈക്കോടതി കുറ്റ വിമുക്തരാക്കിയത്.
ഇവരെ വെറുതെ വിടുന്നതിനെതിരെ അഞ്ച് ഹർജികളാണ് കോടതിക്ക് മുൻപിൽ പരിഗണനയിൽ വന്നത്. അതിൽ മൂന്നും പാണ്ഡ്യൻ, ദിനേശ്, വൻസാരെ എന്നിവരെ വിട്ടയക്കുന്നതിനെതിരെ സൊഹ്റാബുദീൻ ഷെയ്ഖിന്റെ സഹോദരൻ റുബാബുദീൻ ഷെയ്ഖ് നൽകിയതായിരുന്നു. ബാക്കി രണ്ടെണ്ണം അമിൻ, റാഥോഡ് എന്നിവർക്കെതിരെ സി.ബി.എെ നൽകിയ ഹർജികളായിരുന്നു.
സി.ബി.എെ റിപ്പോർട്ടുകൾ അനുസരിച്ച് സൊഹ്റാബുദീൻ ഷെയ്ഖ്, ഭാര്യ കൗസർബി എന്നിവർ 2005ൽ നടന്ന ഒരു വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു. ശേഷം, ഒരു വർഷത്തിനിടെ അവരുടെ സഹായിയായ തുളസിറാം പ്രജാപതിയും സമാനമായ രീതിയിൽ കൊല്ലപ്പെട്ടു. ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ഒരുപറ്റം പോലീസുകാരുടെ ഗൂഡാലോചനയെത്തുടർന്നാണെന്നാണ് ആരോപണം.
സൊഹ്റാബുദീൻ ഷെയ്ഖ്, ഭാര്യ, സഹായി എന്നിവരുടെ മരണശേഷം വിട്ടയച്ച അഞ്ച് പേരുള്‍പ്പെടെ 38 പേരെയാണ് സി.ബി.എെ കസ്റ്റഡിയിലെടുത്തത്. സൊഹ്റാബുദീന് തീവ്രവാദ ബന്ധമുണ്ടെന്നാണ് ഗുജറാത്ത് പോലീസ് ആരോപിച്ചത്.
2014 മുതൽ 2018 വരെയുള്ള കാലയളവിൽ ഇൗ കേസിൽ പ്രതി ചേർക്കപ്പെട്ട 38 പേരിൽ 15 പേരെ വെറുതെ വിട്ടിരുന്നു. അതിൽ 14 പോലീസുകാരും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും ഉൾപ്പെടുന്നു.