പെട്രോള്‍ പമ്പില്‍ കുത്തിയിരുന്ന് ധോണി പ്രതിഷേധിച്ചോ ? സത്യമിതാണ്...
|ഇന്ധന വിലക്കെതിരെയുള്ള ഭാരത് ബന്ദും ധോണി പെട്രോള്‍ പമ്പില്‍ കുത്തിയിരിക്കുന്ന ചിത്രവും കൂട്ടിവായിച്ച പതിനായിരക്കണക്കിനാളുകളും ചിത്രത്തിന്‍റെ യാഥാര്‍ഥ്യമറിയാതെ പ്രചരണത്തില്‍ പങ്കാളികളായി
അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് ഇന്നലെ രാജ്യവ്യാപകമായി നടന്ന ഭാരത് ബന്ദുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഒരു ചിത്രമായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി ഒരു പെട്രോള്‍ പമ്പില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു എന്നത്. ധോണിയും ഭാര്യ സാക്ഷിയും മറ്റു കുറച്ചാളുകളും ഒരു പെട്രോള്‍ പമ്പില്‍ കുത്തിയിരിക്കുന്ന ചിത്രമായിരുന്നു പ്രചരിക്കപ്പെട്ടത്. ധോണിയെ പോലെയുള്ളവര്‍ പോലും പെട്രോള്‍ വിലയില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങി, ഇതുപോലെ നമ്മളും പ്രതിഷേധിക്കാന്‍ ഇനിയും വൈകരുതെന്ന തരത്തില്‍ ആയിരുന്നു പ്രചരണങ്ങളൊക്കെയും.
ഇന്ധന വിലക്കെതിരെയുള്ള ഭാരത് ബന്ദും ധോണി പെട്രോള്‍ പമ്പില്‍ കുത്തിയിരിക്കുന്ന ചിത്രവും കൂട്ടിവായിച്ച പതിനായിരക്കണക്കിനാളുകളും യാഥാര്‍ഥ്യമറിയാതെ പ്രചരണത്തില്‍ പങ്കാളികളായി. ആഗസ്റ്റ് മാസം ധോണിയും ഭാര്യ സാക്ഷിയും അടങ്ങുന്ന സംഘം ഷിംലയിലേക്ക് നടത്തിയ യാത്രക്കിടെ പകര്‍ത്തി ചിത്രങ്ങളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ഭാരത് ബന്ദില്‍ പങ്കെടുത്തുവെന്ന രീതിയില്‍ പ്രചരിക്കപ്പെട്ടത്. ഒപ്പം ധോണിയുടേതെന്ന പേരില്‍ വ്യാജ ട്വീറ്റുമുണ്ടായിരുന്നു. താന്‍ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്നത് നിര്‍ത്തിയെന്നും ലിറ്ററിന് 90 രൂപ വിലയുള്ള പെട്രോള്‍ തനിക്ക് താങ്ങാന്‍ കഴിയില്ലെന്നുമായിരുന്നു ട്വീറ്റിലെ വാചകം. പരസ്യ ചിത്രീകരണത്തിന്‍റെ ഭാഗമായാണ് ധോണിയും സാക്ഷിയും ഷിംല സന്ദര്‍ശിച്ചത്. ഇതിനിടെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പിലിരിക്കുമ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ബന്ദില്‍ പങ്കെടുത്തു എന്ന രീതിയില്‍ പ്രചരിപ്പിച്ചത്.