വിവാഹവസ്ത്രം മോഷ്ടിക്കാന്‍ അയല്‍ക്കാരിയായ ഗര്‍ഭിണിയെ ദമ്പതികള്‍ കൊലപ്പെടുത്തി; ശേഷം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു
|കൊലപാതകം, കളവ്, ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തൽ, ഒളിവിൽ പോകൽ തുടങ്ങിയ കുറ്റങ്ങളാണ് ദമ്പതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഗാസിയാബാദിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി പെട്ടിയിലാക്കി ഉപേക്ഷിച്ചത് വിവാഹവസ്ത്രം മോഷ്ടിക്കാനായിരുന്നുവെന്ന് പിടിയിലായ ദമ്പതികള്‍. ഗാസിയാബാദിലെ ബിസ്രാഖ് സ്വദേശിയായ 25 കാരി മാലാ ഗുപ്തയെയാണ് അതേ ഫ്ലാറ്റിലെ താമസക്കാരായ സൗരഭ്ദിവാകറും ഭാര്യ റിതുവും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം സ്യൂട്ട് കേസിൽ ഒളിപ്പിച്ച് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ദമ്പതികളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു.
ഫ്ലാറ്റില്‍ രണ്ടാം നിലയിലായിരുന്നു മാലയുടെ താമസം. ഒന്നാമത്തെ നിലയില്‍ സൌരഭും റിതുവും. രണ്ടു വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ് മാലയും ഭര്‍ത്താവും. അതുകൊണ്ടുതന്നെ മാലയുടെ വീട്ടുകാരുമായി അവര്‍ യോജിപ്പിലായിരുന്നില്ല. സെപ്തംബര്‍ ഏഴിന് മാലയുടെ സഹോദരനും ഭാര്യയും പിണക്കം മാറി അവളെ കാണാനായി വന്നിരുന്നു. അവരെ തന്റെ വിവാഹവസ്ത്രങ്ങളും ആഭരണങ്ങളും മാല കാണിച്ചുകൊടുക്കുന്നത് റിതുവിന്റെ ശ്രദ്ധയില്‍പ്പെട്ടു.
അടുത്ത ദിവസം ഫ്ലാറ്റിന്റെ ടെറസില്‍ വെച്ച് റിതു, മാലയെ കാണുകയും ഉച്ചഭക്ഷണത്തിന് തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു. മാലയുടെ ഭര്‍ത്താവ് ശിവം ജോലിക്ക് പോയിരുന്നു അപ്പോഴേക്കും. തങ്ങളുടെ ഫ്ലാറ്റിലെത്തിയ മാലയെ ഷാളുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഇരുവരും. മൃതദേഹം അവിടെ തന്നെയിട്ട്, മാലയുടെ ഫ്ലാറ്റില്‍ പോയി രണ്ട് സ്യൂട്ട്കേസ് എടുത്ത്, ഒന്നില്‍ മൃതദേഹം അടച്ചുവെച്ചു. മറ്റൊന്നില്‍ മാലയുടെ സാരിയും ലെഹങ്കയുമടക്കം വിവാഹസമയത്തെ വിലപിടിപ്പുള്ള വസ്ത്രങ്ങളെല്ലാം എടുക്കുകയും ചെയ്തു. മാല ധരിച്ച ആഭരണങ്ങളും മൊബൈൽ ഫോണും കൂടെ മോഷ്ടിച്ചു. ലോക്കര്‍ പൊളിക്കാന്‍ സാധിക്കാത്തതിനാല്‍ ലോക്കറില്‍ വെച്ച ആഭരണങ്ങളെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല.
ശേഷം ഒരു ഓട്ടോയില്‍ സ്യൂട്ട്കേസില്‍ അടച്ച മൃതദേഹം ഇന്ദ്രപുരം ഏരിയയിൽ ഉപേക്ഷിക്കുകയുമായിരുന്നു. മൃതദേഹം ഉപേക്ഷിച്ചത് സൌരവ് തനിച്ചാണ്. മാല ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്റെ സാധനങ്ങളുമായി പോയി എന്ന് വരുത്തി തീര്‍ക്കാനാണ്, അലമാരയിലെ വസ്ത്രങ്ങളെല്ലാം തങ്ങള്‍ എടുത്തതെന്നും ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു.
മാലയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് മൃതദേഹം കണ്ടെടുത്തു. അന്വേഷണത്തിൽ അയൽക്കാരായ ദമ്പതികൾ രണ്ടു ദിവസമായി സ്ഥലത്തില്ലെന്ന് മനസിലാക്കുകയും മാലയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇവരെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
മൃതദേഹം ഉപേക്ഷിച്ച ശേഷം, സൌരവിന്റെ സഹോദരന്റെ വീട്ടിലേക്കാണ് ഇവര്‍ പോയത്, മാലയുടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യാതെ കയ്യില്‍ സൂക്ഷിച്ചതാണ്, പ്രതികളെ പിടികൂടാന്‍ പൊലീസിന് സഹായകമായത്.
കൊലപാതകം, കളവ്, ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തൽ, ഒളിവിൽ പോകൽ തുടങ്ങിയ കുറ്റങ്ങളാണ് ദമ്പതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.