India
ഇവിടെ നിന്ന് പെട്രോള്‍ വാങ്ങൂ, ബൈക്ക് സൌജന്യമായി നേടൂ..
India

ഇവിടെ നിന്ന് പെട്രോള്‍ വാങ്ങൂ, ബൈക്ക് സൌജന്യമായി നേടൂ..

Web Desk
|
11 Sep 2018 2:43 PM GMT

പെട്രോളിനും ഡീസലിനും കുത്തനെ വില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനാണ് ഈ വാഗ്ദാനങ്ങള്‍.

പെട്രോളും ഡീസലും വാങ്ങിയാല്‍ ബൈക്ക്, ലാപ്ടോപ്, എയര്‍കണ്ടീഷ്ണര്‍, വാഷിംങ് മെഷീന്‍ തുടങ്ങിയ വിലയേറിയ സമ്മാനങ്ങള്‍ സന്തമാക്കാം. മധ്യപ്രദേശിലെ പെട്രോള്‍ പമ്പ് ഉടമകളാണ് ഈ വില കൂടിയ വാഗ്ദാനങ്ങള്‍ക്ക് പിന്നില്‍‍. പെട്രോളിനും ഡീസലിനും കുത്തനെ വില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനാണ് ഈ വാഗ്ദാനങ്ങള്‍.

ഏറ്റവുമധികം വാറ്റ്(Value-added tax) നിലവിലുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. അതുകൊണ്ട് തന്നെ പെട്രോളിനും ഡീസലിനുമെല്ലാം ഇന്ത്യയില്‍ ഏറ്റവുമധികം വിലക്കൂടുതലും മധ്യപ്രദേശിലാണ്. അതിനാല്‍ അന്യസംസ്ഥാനങ്ങളിലേക്ക് പോകുകയും വരികയും ചെയ്യുന്ന ട്രക്കുകളും വലിയ വാഹനങ്ങളുമെല്ലാം അതിര്‍ത്തിക്കപ്പുറത്ത് നിന്നാണ് പലപ്പോഴും ഇന്ധനം നിറക്കുന്നത്. ഇത് മധ്യപ്രദേശിലെ പെട്രോള്‍ പമ്പുകളിലെ വില്‍പനയെ വലിയ തോതില്‍ ബാധിക്കുന്നു. അതിനാല്‍ വിപണി കയ്യടക്കാന്‍ പെട്രോള്‍ പമ്പുടമകള്‍ കണ്ടെത്തിയ വഴിയാണ് ഈ വാഗ്ദാനങ്ങള്‍.

നിശ്ചിത അളവ് പെട്രോളിനും ഡീസലിനുമൊപ്പം ഒരു സമ്മാനം ഉറപ്പായും ലഭിക്കും. 5,000ലിറ്റര്‍ പെട്രോള്‍ വാങ്ങിയാല്‍ മൊബൈല്‍ഫോണ്‍, റിസ്റ്റ് വാച്ച്, സൈക്കിള്‍ തുടങ്ങിയവയിലൊന്നാണ് സമ്മാനം‍‌. 15,000ലിറ്ററിനൊപ്പം അലമാര, സോഫ, 100ഗ്രാമിന്റെ വെള്ളിനാണയം ഇവയില്‍ ഏതെങ്കിലുമൊന്ന് സൌജന്യം. 25,000ലിറ്റര്‍ ഡീസലിന് ഓട്ടോമാറ്റിക് വാഷിംങ്മെഷിന്‍, 50,000ലിറ്ററിന് എയര്‍കണ്ടീഷ്ണര്‍ അല്ലെങ്കില്‍ ലാപ്ടോപ്. ഒരു ലക്ഷം ലിറ്ററിന് സ്കൂട്ടറോ മോട്ടോര്‍സൈക്കിളോ സൌജന്യമായി നേടാം.'' 100ലിറ്റര്‍ ഡീസല്‍ വാങ്ങുന്ന ഒരു ട്രക്ക് ഡ്രൈവര്‍ക്ക് പ്രഭാതഭക്ഷണവും ചായയും സൌജന്യമായി ലഭിക്കും.'' പമ്പ് ഉടമയായ അനുജ് ഖന്ദേല്‍വാല്‍ പറയുന്നു.

സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതോടെ വില്‍പനയില്‍ കാര്യമായ മാറ്റമുണ്ടെന്നാണ് പമ്പുടമകള്‍ പറയുന്നത്. അതേസമയം മധ്യപ്രദേശില്‍ പെട്രോളിനും ഡീസലിനും നിലവിലുള്ള വാറ്റ് (യഥാക്രമം 27%വും, 22%വും) കുറക്കണമെന്ന് പമ്പുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Similar Posts