India
ഇന്ധനവില ഇന്നും കൂട്ടി; മഹാരാഷ്ട്രയില്‍ പെട്രോള്‍ വില 90 രൂപ കടന്നു
India

ഇന്ധനവില ഇന്നും കൂട്ടി; മഹാരാഷ്ട്രയില്‍ പെട്രോള്‍ വില 90 രൂപ കടന്നു

Web Desk
|
11 Sep 2018 5:25 AM GMT

ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിനും 15 പൈസയുമാണ് കൂട്ടിയത്. മഹാരാഷ്ട്രയിലെ പര്‍ഭാനിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.05 രൂപയായി.

രാജ്യവ്യാപകമായ പ്രതിഷേധത്തിനിടയിലും ഇന്ധനവില ഇന്നും കൂട്ടി. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിനും 15 പൈസയുമാണ് കൂട്ടിയത്. മഹാരാഷ്ട്രയിലെ പര്‍ഭാനിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.05 രൂപയായി. തുടര്‍ച്ചയായ 17ആം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്.

മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 88.26 രൂപയാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ 80.87 രൂപയും കൊല്‍ക്കത്തയില്‍ 83.75 രൂപയും ചെന്നൈയില്‍ 84.07 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് ഡല്‍ഹിയില്‍ 72.97 രൂപയും കൊല്‍ക്കത്തയില്‍ 77.47 രൂപയും മുംബൈയില്‍ 77.15 രൂപയുമായി വര്‍ധിച്ചു.

തിരുവനന്തപുരത്ത് പെട്രോള്‍ വില 84.19 രൂപയായപ്പോള്‍ ഡീസലിന് 78.14 രൂപയായി വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 രൂപയും ഡീസലിന് 76.88 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 83.11 രൂപയും ഡീസലിന് 77.15 രൂപയുമാണ് ഇന്നത്തെ നിരക്ക്.

പെട്രോളിനും ഡീസലിനും കേന്ദ്രം ഈടാക്കുന്ന എക്സൈസ് നികുതി കുറക്കണം, ജിഎസ്ടിക്ക് കീഴില്‍ ഇന്ധവില കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാല്‍ എക്സൈസ് തീരുവ കുറക്കാനാകില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാരിന്റെ പ്രധാന റവന്യൂ വരുമാനമാണ് പെട്രോളില്‍ നിന്നും ഡീസലില്‍ നിന്നുമുള്ള നികുതി. കഴിഞ്ഞ നാലര വര്‍ഷത്തില്‍ 12 ലക്ഷം കോടിയാണ് ഇതില്‍ നിന്നും സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് നികുതി കുറച്ചാല്‍ അത് സര്‍ക്കാരിന്റെ ധന മാനേജ്മെന്റിനെ ബാധിക്കുമെന്നും പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.

Similar Posts