രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് സാരിഡോണടക്കം 328 മരുന്നുകൾക്ക് സർക്കാർ വിലക്ക്
|ഭരണഘടനയിലെ 26 എ വകുപ്പ് പ്രകാരം 349 മരുന്ന് കമ്പനികളുടെ ഉൽപാദനവും വിതരണവും നിർത്തലാക്കി 2016ൽ സുപ്രിം കോടതി വിധി പ്രസ്താവിച്ചിരുന്നു
രാജ്യത്ത് പ്രചാരമുള്ള 328 ഫിക്സ്ഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾളുടെ ഉൽപാദനത്തിനും വിതരണത്തിനും വിലക്ക് ഏർപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് വലിയ തോതിൽ പ്രചാരത്തിലുള്ള പിരമലിന്റെ സാരിഡോൺ, ആൽകം ലബോറട്ടറീസിന്റെ ടാക്സിം അടക്കമുള്ള മരുന്നുകളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
2000 മുതൽ 2500 കോടി വരെ വിപണി വലിപ്പമുള്ള വിവിധ കമ്പനികളുടെ ആറായിരത്തോളം എഫ്.സി.ഡി ബ്രാന്റുകളാണ് നീക്കപ്പെടുക. രണ്ടോ അതിൽ കൂടുതലോ മരുന്നുകളുടെ മിശ്രണങ്ങൾ ഒന്നാക്കി പുറത്തിറക്കുന്നതാണ് എഫ്.സി.ഡികൾ.
ഭരണഘടനയിലെ 26 എ വകുപ്പ് പ്രകാരം 349 മരുന്ന് കമ്പനികളുടെ ഉൽപാദനവും വിതരണവും നിർത്തലാക്കി 2016ൽ സുപ്രിം കോടതി വിധി പ്രസ്താവിച്ചിരുന്നു. ഈ വിധിക്കെതിരെ വിവിധ മരുന്ന് ഉൽപാദകർ പല ഹൈകോടതികളിലും സുപ്രിം കോടതിയിലും നൽകിയ ഹർജികളുടെ അടിസ്ഥാനത്തിൽ ഡ്രഗ് ടെക്നിക്കൽ അഡ്വൈസറി എന്ന പേരിൽ ഒരു വിദഗ്ധ സമിതിയെ രൂപീകരിച്ചു. പിന്നീട്, അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 328 എഫ്.സി.ഡികളെ നീക്കം ചെയ്യാനുള്ള തീരുമാനത്തിൽ സർക്കാരെത്തിയത്.
ഈ മരുന്നുകൾ അമിതോപയോഗത്തിന് കാരണമാകുമെന്നും അത് വഴി ആരോഗ്യ പരമായ പല പ്രശ്നങ്ങൾക്കും വഴി തെളിക്കുമെന്നും ഡി.ടി.എ.ബി പറയുന്നു.