ഭീം ആർമി നേതാവ് ചന്ദ്ര ശേഖര റാവു ജയിലിൽ നിന്നും പുറത്തിറങ്ങി
|സുപ്രീം കോടതിയിൽ നിന്നും ശക്തമായ തിരിച്ചടി ഭയന്ന യോഗി ആദിത്യ നാഥിന്റെ യു.പി സർക്കാർ നേരത്തെ തന്നെ ചന്ദ്ര ശേഖറിനെ പുറത്തിറങ്ങാൻ അനുമതി നൽകുകയായിരുന്നു
ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ) ചാർത്തി ജയിലിലടച്ച ഭീം ആർമി നേതാവ് ചന്ദ്ര ശേഖര റാവു പുറത്തിറങ്ങി. ഇന്ന് പുലർച്ചെ രണ്ടരയോടടുപ്പിച്ച സമയത്താണ് ചന്ദ്രശേഖർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. സുപ്രീം കോടതിയിൽ നിന്നും ശക്തമായ തിരിച്ചടി ഭയന്ന യോഗി ആദിത്യ നാഥിന്റെ യു.പി സർക്കാർ നേരത്തെ തന്നെ ചന്ദ്ര ശേഖറിനെ പുറത്തിറങ്ങാൻ അനുമതി നൽകുകയായിരുന്നു. സഹാറൻപൂർ അക്രമവുമായി ബന്ധപ്പെട്ടായിരുന്നു ചന്ദ്രശേഖറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം 2017 നവംബറിൽ അലഹബാദ് ഹൈകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ജാമ്യത്തിൽ വിട്ട അടുത്ത ദിവസം തന്നെ സർക്കാർ അദ്ദേഹത്തിന് മേൽ ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ) ചാർത്തി വീണ്ടും ജയിലിലടക്കുകയായിരുന്നു. ആസാദിന്റെ കൂടെ അറസ്റ്റ് ചെയ്ത രണ്ട് അനുയായികളെയും വൈകാതെ തന്നെ ജയിലിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
रिहा हुआ "रावण" pic.twitter.com/3wQepP4plP
— ASHUTOSH MISHRA (@ashu3page) September 13, 2018
സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി ഭയന്നത് കൊണ്ട് മാത്രമാണ് യു.പി സർക്കാർ ഇപ്പോൾ പുറത്തിറങ്ങാൻ അനുവദിച്ചതെന്നും, നേരത്തെ തങ്ങളെ പുറത്തിറക്കിയതിലൂടെ സർക്കാർ സ്വയം രക്ഷിക്കുകയായിരുന്നുവെന്നും ചന്ദ്രശേഖർ പറഞ്ഞു. ‘എനിക്കുറപ്പുണ്ട് ഈ വരുന്ന പത്ത് ദിവസത്തിനുള്ളിൽ വേറെ ഏതെങ്കിലും കേസ് എന്റെ മേൽ സർക്കാർ ചാർജ്ജ് ചെയ്യും. 2019 ലെ തെരെഞ്ഞെടുപ്പിൽ ബി.ജെ.പിയെ താഴെയിറക്കാൻ അനുയായികളോട് ആഹ്വാനം ചെയ്യുമെന്നും’ ചന്ദ്രശേഖർ ജയിലിൽ നിന്നിറങ്ങിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞു.
2019 ലെ ദേശീയ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി ജെ പി യുടെ ഈ നീക്കം ദളിത് വോട്ടുകൾ പാർട്ടിയിലേക്ക് പരമാവധി എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്നും റിപോർട്ടുകൾ പറയുന്നു.
രജപുത്ര രാജാവായ മഹാറാണ പ്രതാപിന്റെ ജന്മദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ദളിത് വിഭാഗവും താക്കൂറുകളും തമ്മിൽ നടന്ന പ്രശ്നങ്ങൾ പിന്നീട് അക്രമാസക്തമായി ഒരാളുടെ മരണത്തിൽ കലാശിക്കുകയും 15ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നേരത്തെ അംബേദ്കറുടെ പ്രതിമ രവിദാസ് ക്ഷേത്രത്തിൽ സ്ഥാപിക്കാൻ ഇറങ്ങിയ ദളിത് വിഭാഗക്കാരെ താക്കൂർ ജാതിയിൽ പെട്ടവർ തടഞ്ഞിരുന്നു. അതിനുള്ള പ്രതികരണമായിരുന്നു സഹാറൻപൂരിൽ പിന്നീട് നടന്ന അക്രമ സംഭവങ്ങൾ..