അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചില്ലേ ? ശിക്ഷ ജയില്‍വാസം; അടുത്തമാസം മുതല്‍ ഡല്‍ഹിയില്‍ പരിശോധന
|13 ന് മുമ്പ് വാഹനങ്ങളില്‍ അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റുകളില്‍ ഘടിപ്പിച്ചില്ലെങ്കില്‍ ഭീമമായ പിഴക്ക് പുറമെ ജയില്‍വാസത്തിനും സാധ്യത ഉണ്ടെന്നാണ് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പ്.
ഏകദേശം ആറു വര്‍ഷം മുമ്പാണ് രാജ്യത്തെ മുഴുവന്‍ വാഹനങ്ങളിലും അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ സുപ്രിംകോടതി നിര്‍ദേശം പാലിക്കുന്നതില്‍ മിക്ക സംസ്ഥാനങ്ങളും വീഴ്ച വരുത്തി. ഇപ്പോഴിതാ, അടുത്തമാസം മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ്. ഡല്‍ഹിയില്‍ ഒക്ടോബര്‍ 13 മുതല്‍ പരിശോധന ആരംഭിക്കും. 13 ന് മുമ്പ് വാഹനങ്ങളില്‍ അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റുകളില്‍ ഘടിപ്പിച്ചില്ലെങ്കില്‍ ഭീമമായ പിഴക്ക് പുറമെ ജയില്‍വാസത്തിനും സാധ്യത ഉണ്ടെന്നാണ് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പ്.
പുതിയ വാഹനങ്ങളുടെ ഉടമകള്‍ ഭയപ്പെടേണ്ടതില്ലെന്നും പുതിയ വാഹനങ്ങള്‍ അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചാണ് നിരത്തിലേക്ക് എത്തുകയെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി. ഇതേസമയം, പഴയ വാഹനങ്ങളുടെ ഉടമകളാണ് ഒക്ടോബര്‍ 13 ന് മുമ്പ് അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാന്‍ ഓട്ടം തുടങ്ങേണ്ടത്. എന്നാല്‍ ഈ പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാനുള്ള നടപടികള്‍ ഒക്ടോബര്‍ രണ്ടു മുതലേ ആരംഭിക്കുകയുള്ളു. ഈ ലൈസന്‍സ് പ്ലേറ്റുകള്‍ ഘടിപ്പിക്കാന്‍ ഡല്‍ഹിയില്‍ മാത്രം 13 സെന്ററുകള്‍ തുടങ്ങിയിട്ടുണ്ടെന്നും ഗതാഗത വകുപ്പ് അറിയിച്ചു. തിരക്ക് ഒഴിവാക്കാന്‍ ലൈസന്‍സ് പ്ലേറ്റിന് വേണ്ടി ഓണ്‍ലൈനായി അപേക്ഷിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷ നല്‍കിയാല്‍ വാഹന ഉടമക്ക് നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാന്‍ സെന്ററിലെത്തേണ്ട തിയതിയും സമയവും ലഭിക്കും.
അപേക്ഷ നല്‍കുന്നതിനൊപ്പം ഇതിനുള്ള ഫീസും ഓണ്‍ലൈനായി നല്‍കാന്‍ കഴിയും. ഇരുചക്ര വാഹനങ്ങള്‍ക്ക് 67 രൂപയും നാലുചക്ര വാഹനങ്ങള്‍ക്ക് 213 രൂപയുമാണ് ഫീസ്. ഡല്‍ഹി നിരത്തില്‍ പഴയ നമ്പര്‍ പ്ലേറ്റുകളുമായി ഓടുന്ന 40 ലക്ഷം വാഹനങ്ങളെയാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ അലുമിനിയം ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിലാണ് അക്കം എഴുതുന്നത്. ഓരോ വാഹനത്തിനും പത്തക്ക വ്യത്യസ്തമായ കോഡുകള്‍ നല്‍കും. ഇവ ലേസര്‍വിദ്യ ഉപയോഗിച്ച് ഓരോ നമ്പര്‍പ്ലേറ്റിലും ഘടിപ്പിക്കും. മോട്ടോര്‍വാഹന വകുപ്പാണ് വിവരങ്ങള്‍ സൂക്ഷിക്കുക.