വിജയ് മല്യ രാജ്യംവിട്ടത് മോദിയുടെ അറിവോടെയെന്ന് രാഹുല്‍ ഗാന്ധി
|പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സി.ബി.ഐ. ഇത്തരമൊരു കേസില്‍ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ ലുക്ക് ഔട്ട് നോട്ടീസില്‍ മാറ്റം വരുത്തില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
വിജയ് മല്യയുടെ വെളിപ്പെടുത്തലില്‍ ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമെതിരെ ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്. മല്യ ഇന്ത്യ വിട്ടതും ലുക്ക് ഔട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തിയതും പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ രാഹുല്‍ ഗാന്ധി ഏറെ ബുദ്ധിമുട്ടുമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് മറുപടി നല്കി.
മല്യ ഇന്ത്യ വിട്ടത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം. ലുക്കൌട്ട് നോട്ടീസിലെ വ്യവസ്ഥ ദുര്‍ബലപ്പെടുത്തി റിപ്പോര്‍ട്ട് നോട്ടീസ് ആക്കിയത് സി.ബി.ഐ ആണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സി.ബി.ഐ. ഇത്തരമൊരു കേസില്‍ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ ലുക്ക് ഔട്ട് നോട്ടീസില്‍ മാറ്റം വരുത്തില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ധനമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും മൌനം കുറ്റം സമ്മതിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.
മല്യയെ നേരത്തെ സഹായിച്ചതും ഇപ്പോള്‍ വെളിപ്പെടുത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചതും കോണ്‍ഗ്രസാണെന്നാണ് ബി.ജെ.പി ആവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസും മല്യയും തമ്മില്‍ ബന്ധമുണ്ട്. അതിനാല്‍ ഭയപ്പെട്ടിരിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് മറുപടി നല്കി.