ഗഗന്യാൻ ദൗത്യത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയും
|ബഹിരാകാശ സംഘത്തിന്റെ തെരെഞ്ഞടുപ്പിനും പരിശീലനത്തിനും സഹായിക്കും
ഐ.എസ്.ആര്‍.ഒ. യുടെ സ്വപ്‌ന പദ്ധതിയായ ഗഗന്യാൻ പൂർത്തിയാക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേനയുടെ സഹായവും. ഇന്ത്യൻ യാത്രികരെ ബഹിരാകാശത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ഗഗന്യാൻ ദൗത്യം. ബഹിരാകാശ സംഘത്തിന്റെ തെരഞ്ഞെടുപ്പിനും പരിശീലനത്തിനും ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എയറോസ്പേസ് മെഡിസിൻ എന്ന സ്ഥാപനം സഹായിക്കുമെന്ന് വ്യോമസേന മേധാവി എയർചീഫ് മാർഷൽ ബി.എസ്. ദനോവ ബംഗളൂരുവിൽ പറഞ്ഞു.
വ്യോമസേനയിലെ വിദഗ്ധരായ പൈലറ്റ്മാരെയായിരിക്കും ഭാവിയിലെ ബഹിരാകാശയാത്രികരായി ഉയർത്തികൊണ്ടു വരിക. എയറോസ്പേസ് മെഡിസിനിൽ മാത്രം നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയായിരിക്കും പൈലറ്റുമാരെ പരിശീലിപ്പിക്കുക. ഉയർന്ന അളവിൽ കൃത്രിമമായി ഗുരുത്വാകര്‍ഷണബലം സൃഷ്ടിക്കാൻ കഴിയുന്ന രാജ്യത്തെ ഏക സ്ഥാപനമാണ് എയറോസ്പേസ് മെഡിസിൻ.
ഐ.എസ്.ആര്‍.ഒ ചെയർമാനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നെന്നും എയറോസ്പേസ് മെഡിസിൻ പൂര്‍ണാര്‍ഥത്തില്‍ സജ്ജമാണെന്ന് അദ്ദേഹത്തിന് ഉറപ്പ് കൊടുത്തിട്ടുണ്ടെന്നും എയർചീഫ് മാർഷൽ കൂട്ടിചേർത്തു