India
മോദിക്ക് വീണ്ടും താക്കീതുമായി ബാബ രാംദേവ്; പശുവിന് മതമില്ല
India

മോദിക്ക് വീണ്ടും താക്കീതുമായി ബാബ രാംദേവ്; പശുവിന് മതമില്ല

Web Desk
|
16 Sep 2018 11:57 AM GMT

അടിക്കടി വര്‍ധിക്കുന്ന ഇന്ധന വില മോദി സര്‍ക്കാരിന് വന്‍തിരിച്ചടി നല്‍കും. ഇതുണ്ടാകാതിരിക്കണമെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മോദി തയാറാകണം.

നരേന്ദ്ര മോദി സര്‍ക്കാരിന് വീണ്ടും താക്കീതുമായി യോഗ ഗുരു ബാബ രാംദേവ്. ജനങ്ങളുടെ നടുവൊടിച്ച് ദിവസേന കൂട്ടുന്ന പെട്രോള്‍, ഡീസല്‍ വില മോദി സര്‍ക്കാരിന് വന്‍ തിരിച്ചടിയാകുമെന്നാണ് രാംദേവിന്‍റെ മുന്നറിയിപ്പ്. ഒരു ദേശീയ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറച്ച് നികുതിയിളവ് നല്‍കി സര്‍ക്കാര്‍ തന്നെ അനുവദിച്ചാല്‍, രാജ്യത്ത് പെട്രോളും ഡീസലും 35-40 രൂപക്ക് വിതരണം ചെയ്യാന്‍ കഴിയുമെന്ന് രാംദേവ് പറഞ്ഞു. ജി.എസ്‍.ടിയുടെ പരിധിയില്‍ ഇന്ധനം കൊണ്ടുവരേണ്ടത് ആവശ്യമാണ്. പക്ഷേ ഇത് 28 ശതമാനത്തിന്‍റെ കീഴിലായിരിക്കരുത്. അടിക്കടി വര്‍ധിക്കുന്ന ഇന്ധന വില മോദി സര്‍ക്കാരിന് വന്‍തിരിച്ചടി നല്‍കും. ഇതുണ്ടാകാതിരിക്കണമെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മോദി തയാറാകണം. യുവാക്കള്‍ക്കിടയിലെ ഏറ്റവും വലിയ പ്രശ്നമാണ് നിരാശ. അവസരങ്ങളില്ലെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഈ തോന്നല്‍ സത്യമല്ല. തനിക്ക് ഗോഡ്ഫാദര്‍മാര്‍ ആരുമില്ല. എന്നിട്ട് പോലും താന്‍ പതഞ്ജലി പോലെ വലിയ ഒരു പ്രസ്ഥാനം കെട്ടിപ്പൊക്കി. താന്‍ പണത്തിന്‍റെ പിന്നാലെ പായുകയല്ല. പണം തനിക്ക് പിന്നാലെ വരികയാണെന്നും രാംദേവ് പറഞ്ഞു.

മോദിയെ ആര്‍ക്കും വിശമര്‍ശിക്കാം. അത് അവരുടെ മൗലികാവകാശമാണ്. പക്ഷേ അദ്ദേഹം നല്ലത് പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വച്ഛ് ഭാരത് പദ്ധതി നടപ്പാക്കിയ അദ്ദേഹത്തിന്‍റെ ഭരണകാലയളവില്‍ വലിയ അഴിമതികളൊന്നും നടന്നിട്ടില്ലെന്നും രാംദേവ് അവകാശപ്പെട്ടു. റാഫേല്‍ ഇടപാട് സംബന്ധിച്ച് ചില രാഷ്ട്രീയ ചോദ്യങ്ങളൊക്കെ ഉയരുന്നുണ്ട്. തനിക്ക് ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയോട് പ്രത്യേക ചായ്‍വൊന്നുമില്ലെന്നും രാംദേവ് പറഞ്ഞു. പശുവിനെ മതപരമായ ഒരു മൃഗമായി ചിത്രീകരിക്കുന്ന് തെറ്റാണ്. പശുവിന് പ്രത്യേക മതമൊന്നുമില്ലെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

Similar Posts