‘മതിയായ സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കും’വിശാല സഖ്യത്തിന് മുന്നറിയിപ്പുമായി മായാവതി
|ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും മായാവതി പറഞ്ഞു. മല്യയുടെ വായ്പ തട്ടിപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും തുല്യ ഉത്തരവാദിത്വമാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യത്തിന് താല്‍പര്യം ഉണ്ടെന്നും, എന്നാല്‍ അര്‍ഹമായ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കുമെന്നും ബിഎസ്പി നേതാവ് മായാവതി. ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും മായാവതി പറഞ്ഞു. വിജയ് മല്യയുടെ വായ്പ തട്ടിപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും തുല്യ ഉത്തരവാദിത്വമാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന നിമയസഭ ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഉള്‍പ്പെടുന്ന വിശാലമായ പ്രതിപക്ഷ ഐക്യം രൂപം കൊള്ളുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷകള്‍. എന്നാല്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി ലക്നൌവില്‍ പറഞ്ഞു.
യുപിയില്‍ എസ്പിയുമായും കോണ്‍ഗ്രസുമായാണ് ബിഎസ്പി സഖ്യത്തിനൊരുങ്ങുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്,ഛത്തീസഗഢ് എന്നിവിടങ്ങളിലും കോണ്‍ഗ്രസുമായി സഖ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വലിയ ശക്തിയില്ലെങ്കിലും ഈ സംസ്ഥാനങ്ങളില്‍ അര്‍ഹമായ സീറ്റുകള്‍ ലഭിക്കുന്നതും ലോക്സഭ തെരഞ്ഞെടുപ്പിലെ വിശാല സഖ്യ രൂപീകരണത്തെ സ്വാധീനിക്കുമെന്ന സൂചനയും മായാവതി നല്‍കുന്നു. ഭീം ആര്‍മി തലവന്‍ ചന്ദ്ര ശേഖര്‍ ആസാദ് തന്നെ മൂത്ത സഹോദരിയെന്ന് വിശേഷിപ്പിച്ചതിനെ മായാവതി തള്ളിപ്പറഞ്ഞു.
വിജയ് മല്യയുടെ വായ്പ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസിനും ബിജെപിക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇന്ധന വില വര്‍ദ്ധനവിന്റെ കാര്യത്തിലും മായാവതി ഇതേ നിലപാട് സ്വീകരിച്ചിരുന്നു. സഖ്യ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് തന്നെ, ബിജെപിയുമായോട് ചേര്‍ത്ത് പാര്‍ട്ടിയെ വിമര്‍ശിക്കുന്നതില്‍ കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. കൂടുതല്‍ സീറ്റുകള്‍ക്ക് വേണ്ടിയുള്ള സമ്മര്‍ദ്ദ തന്ത്രമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.