പരീക്കര്‍ ചികിത്സയില്‍, ഗോവയില്‍ ചുമതല ആര്‍ക്ക്? ബി.ജെ.പിയും ഘടകകക്ഷികളും തമ്മില്‍ ഭിന്നത
|ഗോവയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. ഗോവയിലെത്തിയ കേന്ദ്രസംഘം ഘടകകക്ഷികളും സംസ്ഥാന നേതാക്കളുമായും ഇന്ന് ചര്‍ച്ച നടത്തും. സര്‍ക്കാര്‍ രൂപീകരണ നീക്കം സജീവമാക്കി കോണ്‍ഗ്രസ്സും
മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയില്‍ പ്രവേശിച്ചതോടെ ഗോവയുടെ ഭരണകാര്യത്തില്‍ ബി.ജെ.പിയും ഘടകകക്ഷികളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബി.ജെ.പി കേന്ദ്രസംഘം സംസ്ഥാനത്തെത്തി. പാര്‍ട്ടി പ്രാദേശിക നേതാക്കളുമായും ഘടകകക്ഷികളുമായും സംഘം ഇന്ന് ചര്‍ച്ച നടത്തും. സംസ്ഥാനത്ത് കോണ്‍ഗ്രസ്സും സര്‍ക്കാര്‍ രൂപീകരണ നീക്കം സജീവമാക്കി.
അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി എംയിസില്‍ പ്രവേശിപ്പിച്ച ഗോവാ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, ചുമതല മറ്റൊരാള്‍ക്ക് കൈമാറുന്നതിന് ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗവും തങ്ങളുടെ പാര്‍ട്ടി നേതാവുമായ സുധീര്‍ നവലിക്കര്‍ ആണ് ചുമതല വഹിക്കേണ്ടത് എന്നാണ് ഘടക കക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ നിലപാട്. ഇതംഗീകരിക്കാനാകില്ലെന്നും പരീക്കര്‍ തന്നെ തുടരട്ടേയും ബി ജെ പി സംസ്ഥാന നേതൃത്വം പറയുന്നു.
മറ്റൊരു ഘടക കക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയും സുധീര്‍ നാവലിക്കറിനെ ചുമതല ഏല്‍പിക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ നരീക്ഷിച്ച് വരികയാണെന്ന് കോണ്‍ഗ്രസ്സും വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണ ശ്രമം തീര്‍ച്ചയായും നടത്തുമെന്ന് എ.ഐ.സി.സി സെക്രട്ടറി എ.ചെല്ലകുമാര്‍ പറഞ്ഞു.
40 അംഗ ഗോവ നിയമസഭയില്‍ ബി.ജെ.പിക്കുള്ളത് 14 അംഗങ്ങള്‍ മാത്രമാണ്. മൂന്നംഗങ്ങൾ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവയുടെയും മൂന്ന് സ്വതന്ത്രരുടെയും ഒരു എന്‍ സി പി അംഗത്തിന്‍റെയും ബലത്തിലാണ് പാര്‍ട്ടിയുടെ ഭരണം. 16 സീറ്റോടെ വലിയ ഒറ്റകക്ഷിയായെങ്കിലും കോണ്‍ഗ്രസ്സ് പ്രതിപക്ഷത്താണ്.