ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങൾ ഐ.എസ്.ആര്‍.ഒ ബഹിരാകാശത്തെത്തിച്ചു
|ഭൂമിയുടെ ഉപരിതല നിരീക്ഷണം, വെള്ളപ്പൊക്കവും മറ്റ് ദുരന്തങ്ങളും അവലോകനം ചെയ്യാനുള്ള ശേഷി, വനമേഖലകളുടെ ചിത്രീകരണം എന്നിവക്കുള്ളതാണ് ഉപഗ്രഹങ്ങൾ
ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങൾ ഐ.എസ്.ആര്‍.ഒ ബഹിരാകാശത്തെത്തിച്ചു. പി.എസ്.എല്‍.വി സി - 42 ഉപയോഗിച്ചായിരുന്നു ഉപഗ്രഹ വിക്ഷേപണം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാമത്തെ വിക്ഷേപണത്തറയില്‍ നിന്ന് ഞായറാഴ്ച രാത്രി 10.08നാണ് ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി- 42 കുതിച്ചുയര്‍ന്നത്. നൊവാസര്‍, എസ് വണ്‍- 4 എന്നീ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തെത്തിച്ചത്. രണ്ടും കൂടി 886 കിലോ ഭാരമുണ്ട്. ബ്രിട്ടീഷ് കമ്പനിയായ സറേ സാറ്റലൈറ്റ് ടെക്നോളജിയുടേതാണ് ഉപഗ്രഹങ്ങൾ. വിക്ഷേപണത്തിന്റെ നാല് ഘട്ടങ്ങളും വിജയകരമായിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ഭൂമിയുടെ ഉപരിതല നിരീക്ഷണം, വെള്ളപ്പൊക്കവും മറ്റ് ദുരന്തങ്ങളും അവലോകനം ചെയ്യാനുള്ള ശേഷി, വനമേഖലകളുടെ ചിത്രീകരണം എന്നിവക്കുള്ളതാണ് ഉപഗ്രഹങ്ങൾ. കപ്പലുകളുടെ സഞ്ചാരം അറിയുന്നതിന് നൊവാസര്‍ ഉപഗ്രഹം സഹായകരമാകും. റോക്കറ്റ് പൂര്‍ണമായും വിദേശ കമ്പനിക്ക് വാടകക്ക് നല്‍കിയുള്ള വിക്ഷേപണമായതിനാല്‍ 200 കോടിയാണ് ഇതിലൂടെ ഇന്ത്യക്ക് ലഭിക്കുക.