India
‘പാക് സൈനികരുടെ തലകള്‍ വെട്ടാറുണ്ട്; പക്ഷേ  പ്രദര്‍ശിപ്പിക്കാറില്ല’ നിര്‍മല സീതാരാമന്‍
India

‘പാക് സൈനികരുടെ തലകള്‍ വെട്ടാറുണ്ട്; പക്ഷേ പ്രദര്‍ശിപ്പിക്കാറില്ല’ നിര്‍മല സീതാരാമന്‍

Web Desk
|
18 Sep 2018 5:42 AM GMT

2016ല്‍ പാക് അധിനിവേശ കാശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിലൂടെ ഇന്ത്യന്‍ സൈന്യം അവരെ ഒരു പാഠം പഠിപ്പിച്ചതാണെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ഇന്ത്യന്‍ സൈനികര്‍ പാക്കിസ്ഥാന്‍ സൈനികരുടെ തലകള്‍ വെട്ടാറുണ്ടെന്നും എന്നാല്‍ അവ പ്രദര്‍ശിപ്പിക്കാറില്ലെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ഒരു ദേശീയ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

പാക്കിസ്ഥാന്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയാല്‍ തിരിച്ച് പത്ത് പാക് സൈനികരുടെ തല വെട്ടുമെന്നായിരുന്നു 2014 ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച അവതാരകന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പാക്കിസ്ഥാന്‍ സൈനികരുടെ തലകള്‍ ഇന്ത്യന്‍ സൈന്യം വെട്ടാറുണ്ടെന്നും എന്നാല്‍ അവ പ്രദര്‍ശിപ്പിക്കാറില്ലെന്നുമായിരുന്നു അവരുടെ മറുപടി.

''ഇന്ത്യന്‍ സൈന്യത്തിന്റെ വിജയങ്ങള്‍ പരസ്യമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ നമ്മുടെ സൈന്യം തിരിച്ചടിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും. അഭിമാനത്തോടെയല്ല, മറിച്ച് ഏത് ആക്രമണത്തേയും ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യം പ്രാപ്തരാണെന്ന ഉത്തരവാദിത്വ ബോധത്തോടെയാണ് ഇത് പറയുന്നത്.'' നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

2016ല്‍ പാക് അധിനിവേശ കാശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിലൂടെ ഇന്ത്യന്‍ സൈന്യം അവരെ ഒരു പാഠം പഠിപ്പിച്ചതാണെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. പാക് ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ അനുവദിക്കാറില്ലെന്നും അതിര്‍ത്തിയില്‍ വച്ചു തന്നെ അവരെ ഇല്ലാതാക്കാറുമുണ്ടന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Similar Posts