തോട്ടിപ്പണിക്കിടെ ഓരോ അഞ്ച് ദിവസത്തിലും ഒരാള്‍ മരിക്കുന്നുവെന്ന് ഔദ്യോഗിക കണക്ക്
|ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി പാര്‍ലമെന്‍റ് നിയോഗിച്ച നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫാരി കരംചാരീസ് (എന്‍.സി.എസ്.കെ) ആണ് ഈ കണക്ക് പുറത്തുവിട്ടത്.
രാജ്യത്ത് ഓരോ അഞ്ച് ദിവസത്തിലും ഒരാള്‍ തോട്ടിപ്പണിക്കിടെ മരിക്കുന്നുവെന്ന് ഔദ്യോഗിക കണക്ക്. ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി പാര്‍ലമെന്‍റ് നിയോഗിച്ച നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫാരി കരംചാരീസ് (എന്‍.സി.എസ്.കെ) ആണ് ഈ കണക്ക് പുറത്തുവിട്ടത്. 2017 ജനുവരി 1 മുതലുള്ള കണക്കാണിത്.
തോട്ടിപ്പണിയെടുക്കുന്നതിനിടെ 2017 ജനുവരി മുതല്‍ 123 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം ഡല്‍ഹിയില്‍ മരിച്ചത് ആറ് പേരാണ്. ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങള്‍ ഏറെയുണ്ടെന്ന് എന്‍.സി.എസ്.കെ വ്യക്തമാക്കി.
28 സംസ്ഥാനങ്ങളുള്ള രാജ്യത്ത് 13 സംസ്ഥാനങ്ങളിലെ കണക്ക് മാത്രമാണ് പുറത്തുവന്നത്. ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ പേര്‍ തോട്ടിപ്പണി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ മാത്രം 65,181 വീടുകളില്‍ കുറഞ്ഞത് ഒരാളെങ്കിലും തോട്ടിപ്പണി എടുക്കുന്നുണ്ട്.
തോട്ടിപ്പണി നിരോധിച്ചുകൊണ്ട് 1993ല്‍ നിയമം പാസാക്കിയിട്ടുണ്ട്. 2013ല്‍ അഴുക്കുചാലുകളെയും സെപ്റ്റിക് ടാങ്കുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് അതില്‍ കൂടുതല്‍ ഭേദഗതി വരുത്തി. തോട്ടിപ്പണിയെടുക്കുന്നവരുടെ കണക്കുകള്‍ ശേഖരിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ നിയമപ്രകാരം ഈ തൊഴില്‍ നിരോധിച്ചതാണെന്ന മറുപടിയാണ് സംസ്ഥാനങ്ങള്‍ നല്‍കുന്നതെന്ന് എന്‍.സി.എസ്.കെ ചെയര്‍പേഴ്സണ്‍ മന്‍ഹാര്‍ വല്‍ജിഭായി സാല പറഞ്ഞു. കൃത്യമായ കണക്ക് കിട്ടാത്തതിനാല്‍ തോട്ടിപ്പണിക്കിടെ മരിക്കുന്നവരുടെ ബന്ധുക്കളില്‍ പലര്‍ക്കും നഷ്ടപരിഹാര തുകയായ 10 ലക്ഷം ലഭിക്കുന്നില്ലെന്നും എന്‍.സി.എസ്.കെ പറഞ്ഞു.