റാഫേല്‍ ഇടപാടില്‍ മോദിക്കെതിരെ ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്
|ഒരു നടപടിക്രമവും പാലിക്കാതെ അനില്‍ അംബാനിക്ക് നാല്‍പ്പത്തയ്യായിരം കോടി നല്‍കിയ ഇടപാടാണ് റഫേലില്‍ നടന്നതെന്നും രാഹുല്‍ ഗാന്ധി
റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ്. അഴിമതിയുടെ മൊത്തക്കച്ചവടമാണ് റഫേല്‍ ഇടപാടില്‍ നടന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു നടപടിക്രമവും പാലിക്കാതെ അനില്‍ അംബാനിക്ക് നാല്‍പ്പത്തയ്യായിരം കോടി നല്‍കിയ ഇടപാടാണ് റഫേലില്‍ നടന്നതെന്നും രാഹുല്‍ ഗാന്ധി ഹൈദരാബാദില്‍ പറഞ്ഞു.
നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രധാനമന്ത്രി കരാറിലേര്‍പ്പെട്ടതെന്നും വിമാനങ്ങളുടെ എണ്ണം കുറക്കാന്‍ നരേന്ദ്രമോദിക്ക് എന്ത് അധികാരമാണുള്ളതെന്നും എ.കെ ആന്‍റണി ചോദിച്ചു. ഡിഫെൻസ് അക്ക്യുസിഷൻ കൗണ്‍സിലിന്റെ അധികാരത്തിലേക്ക് പ്രധാനമന്ത്രി കൈകടത്തിയെന്നും മുന്‍ പ്രതിരോധമന്ത്രികൂടിയായ ആന്‍റണി കുറ്റപ്പെടുത്തി.
എന്നാല്‍ റഫാൽ ഇടപാടിൽ മുൻ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ വിമർശനങ്ങൾക്കു മറുപടിയുമായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. റഫാലുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും പാർലമെന്റിൽ മറുപടി നൽകിയിട്ടുണ്ടെന്നു നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 126 നു പകരം 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷ അവതാളത്തിലാക്കിയെന്നാണു മുൻ പ്രതിരോധ മന്ത്രിയായ എ.കെ.ആന്റണി ആരോപിച്ചത്.
‘എ.കെ.ആന്റണി മുതിർന്ന നേതാവാണ്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വിലപേശലുകളെപ്പറ്റി അദ്ദേഹത്തിനു ധാരണയുണ്ട്. യുദ്ധവിമാനത്തിന്റെ വില പാർലമെന്റിനെ ഞങ്ങൾ അറിയിച്ചതാണ്. 126 വിമാനങ്ങൾ വാങ്ങാനിരുന്നതിനെക്കുറിച്ച് ആന്റണി നടത്തിയ പരാമർശങ്ങൾ തെറ്റാണ്. കരാറിൽ ഉറപ്പുണ്ടായിരുന്നെങ്കിൽ യുപിഎ സർക്കാരിനു മുന്നോട്ടു പോകാമായിരുന്നില്ലേ? നിർമാണ കമ്പനിയായി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്.എ.എൽ) തിരഞ്ഞെടുക്കേണ്ടെന്നതു യുപിഎയുടെ തീരുമാനമായിരുന്നു’– മന്ത്രി വ്യക്തമാക്കി.