കഴിഞ്ഞ നാലുവര്‍ഷമായി രാജ്യത്ത് സ്ഫോടനങ്ങളില്ലെന്ന് സദ്ഗുരു: ഇഴകീറി കണക്ക് കൊടുത്ത് മാധ്യമങ്ങള്‍
|2016ല്‍ മാത്രം രാജ്യത്തുണ്ടായത് 406 സ്ഫോടനങ്ങളാണ് എന്ന് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ നാഷണല്‍ ബോംബ് ഡാറ്റയുടെ കണക്കുകള്‍
''നമ്മള് അറിയേണ്ടതും ബോധവാന്മാരാകേണ്ടതും അഭിനന്ദിക്കേണ്ടതും സന്തോഷിക്കേണ്ടതുമായ ഒരു കാര്യമുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി രാജ്യത്ത് ഒരൊറ്റ ബോംബുസ്ഫോടനം പോലും നടന്നില്ല എന്നതാണ് അത്. അങ്ങനെയെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് അതിര്‍ത്തി പ്രദേശങ്ങളിലാണ്, നിര്‍ഭാഗ്യവശാല്‍ കശ്മീരില്‍.'' ഇതായിരുന്നു ഇഷാ ഫൌണ്ടേഷന് സ്ഥാപകന്‍ കൂടിയായ സദ്ഗുരു ജഗ്ഗി വാസുദേവ് ഈ മാസം 16 ന് പറഞ്ഞത്.
സദ്ഗുരുവിന്റെ പ്രസ്താവനയെ ഇഴകീറി പരിശോധിക്കുകയാണ് Firstpost.
നൂറുകണക്കിന് ബോംബ് സ്ഫോടനങ്ങളാണ് ഈ നാലുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഉണ്ടായിട്ടുള്ളത്. അതില്‍ 2016 ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 400ലധികം ബോംബ് സ്ഫോടനങ്ങളാണ്. 2017 ഏപ്രില്‍ 11 ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ കണക്കും ഇതിനായി തെളിവാണ്. ഇതില്‍ 2016 ല്‍ മാത്രം രാജ്യത്തുണ്ടായത് 406 സ്ഫോടനങ്ങളാണ് എന്ന് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ നാഷണല്‍ ബോംബ് ഡാറ്റയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് പറയുന്നുണ്ട്. ഈ ആക്രമണങ്ങളിലായി 118 പേര് കൊല്ലപ്പെടുകയും 505 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2016 ല്‍ ജമ്മു കശ്മീരിലാണ് ഏറ്റവും കൂടുതല്‍ സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്, 69. തൊട്ടടുത്ത് മണിപ്പൂരാണ്, 64. രണ്ടും തീവ്രവാദഅധിനിവേശത്തിനും സായുധ കലാപത്തിനും പേരുകേട്ട പ്രദേശങ്ങളാണ്. മാരക പ്രഹരശേഷിയില്ലാത്ത തരം ബോബുസ്ഫോടനങ്ങള്‍ കൂടുതലും ഉണ്ടാകുന്നത് ഛത്തീസ്ഘട്ടിലാണ്. തൊട്ടടുത്ത് തന്നെ മണിപ്പൂരുമുണ്ട്. കേരളത്തിനാണ് മൂന്നാംസ്ഥാനം.
കഴിഞ്ഞ നാലുവര്‍ഷം മുതല്‍ ഈ വര്‍ഷം ഇതുവരെ പ്രഹരശേഷി കൂടിയതും കുറഞ്ഞതുമായ നിരവധി സ്ഫോടനങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബീഹാറും, മധ്യപ്രദേശും, കര്‍ണാടകയും എല്ലാം ആ പട്ടികയിലുണ്ട്. ഇത് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുകയും അധികാരികള്‍ അംഗീകരിച്ചതും ആണ്.
2018 ജനുവരി 19 ന് ബീഹാറിലെ ബോധ്ഗയയില്‍ പ്രഹരശേഷി കുറഞ്ഞ സ്ഫോടനമുണ്ടായതായി സര്‍ക്കാര്‍ തന്നെ മാര്‍ച്ച് 21 നെ രാജ്യസഭയെ അറിയിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ ജബ്ദി സ്റ്റേഷന് സമീപം ഭോപ്പാല്‍-ഉജ്ജയ്ന്‍ പാസഞ്ചര്‍ ട്രെയിനില്‍ 2017 മാര്‍ച്ച് 7 നുണ്ടായ സ്ഫോടനത്തില്‍ 11 യാത്രക്കാര്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഇതിന് പിന്നില്‍ ഐഎസ് ആണെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. ഇന്ത്യയിലെ ഐഎസിന്റെ ആദ്യ ആക്രമണമാണിതെന്ന സര്‍ക്കാര്‍ സ്ഥിരീകരണമുണ്ടാകുന്നത് മാര്‍ച്ച് 24 നാണ്.
ബീഹാറിലെ ഭോജ്പുരിലെ കോടതിയില്‍ സ്ഫോടനമുണ്ടാകുന്നത് 2015 ജനുവരി 23 നാണ്. ചാവേറായി വന്ന സ്ത്രീയടക്കം രണ്ടുപേരാണ് അന്ന് കൊല്ലപ്പെട്ടത്. പരിക്കേറ്റത് 18 പേര്‍ക്ക്.
ബംഗളുരു എന്റര്ടെയ്ന് മെന്റ് ഹബ്ബിലെ ചര്‍ച്ച് സ്ട്രീറ്റില്‍, 2014 ഡിസംബര്‍ 28 നുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.