India
ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ത്ത് മായാവതി
India

ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ത്ത് മായാവതി

Web Desk
|
20 Sep 2018 3:10 PM GMT

മധ്യപ്രദേശിലെ സീറ്റ് വിഭജനത്തിലും കോണ്‍ഗ്രസുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്ന ബി‍.എസ്.പി അവിടുത്തെ തങ്ങളുടെ 22 മത്സരാര്‍ഥികളുടെ പട്ടിക പുറത്തിറക്കി

കോണ്‍ഗ്രസിന്‍റെ 2019ലെ വിശാല പ്രതിപക്ഷ രൂപീകരണത്തിന് തിരിച്ചടിയുമായി മായാവതിയുടെ പുതിയ നീക്കം. വരാനിരിക്കുന്ന ചത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി കൂടിയായ അജിത് ജോഗി രൂപം നല്‍കിയ ജനത കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ ബി.എസ്.പി തീരുമാനിച്ചു. 2016ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നാണ് അജിത് ജോഗി പുതിയ പാര്‍ട്ടി രൂപീകരിച്ചത്. മധ്യപ്രദേശിലെ സീറ്റ് വിഭജനത്തിലും കോണ്‍ഗ്രസുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്ന ബി‍.എസ്.പി അവിടുത്തെ തങ്ങളുടെ 22 മത്സരാര്‍ഥികളുടെ പട്ടിക പുറത്തിറക്കി.

ജനത കോണ്‍ഗ്രസുമായി സഖ്യം ചേരുന്ന മായാവതി ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിച്ചു. ബി.എസ്.പി 35 സീറ്റുകളിലും ജനത കോണ്‍ഗ്രസ് 55 സീറ്റുകളിലും മത്സരിക്കും. തങ്ങള്‍ സഖ്യം ചേരുന്നത് ഏത് പാര്‍ട്ടിയായാലും സമ പങ്കാളിത്തവും ബഹുമാനവുമാണ് താങ്കള്‍ ആവശ്യപ്പെടുന്നതെന്ന് മായാവതി പറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസും ചത്തീസ്ഘട്ടില്‍ നടത്തുന്ന രാഷ്ട്രീയ നാടകങ്ങളെയും മായാവതി വിമര്‍ശിച്ചു.

മായാവതി - അജിത് ജോഗി കൂട്ടുകെട്ടിനെ ഗൌരവമായാണ് കോണ്‍ഗ്രസ് കാണുന്നത്. രാജസ്ഥാന്‍, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്താന്‍ വലിയ സാധ്യതകളുണ്ട്. ആയതിനാല്‍ ബി.എസ്.പി ആവശ്യപ്പെട്ട സീറ്റ് വിഭജന സമവാക്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചില്ല. മധ്യപ്രദേശില്‍ ബി.ജെ.പിക്ക് 165 സീറ്റുകളും കോണ്‍ഗ്രസിന് എഴുപത്തിയെട്ടും ബി.എസ്.പിക്ക് നാല് സീറ്റുകളുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.

ബി.എസ്.പി 50 സീറ്റുകളാണ് ആവശ്യപ്പെട്ടതെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ആശയത്തിലുറച്ച് നില്‍ക്കുന്നതിനാല്‍ പത്ത് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് പറഞ്ഞു.

ചത്തീസ്ഗഢിലെ സഖ്യ രൂപീകരണത്തിലൂടെ തന്‍റെ കരുത്ത് തെളിയിച്ചിരിക്കുകയാണ് മായാവതി. നേരത്തെ എതിരാളികളായ അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യം രൂപീകരിച്ച് ഉത്തര്‍ പ്രദേശില്‍ ബി.ജെ.പിയുടെ മൂന്ന് സീറ്റുകള്‍ പിടിച്ചടക്കാന്‍ മായാവതിയുടെ ബി.എസ്.പിക്ക് സാധിച്ചിരുന്നു.

Similar Posts