India
റാഫേല്‍; പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചുവെന്ന് രാഹുല്‍ ഗന്ധി
India

റാഫേല്‍; പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചുവെന്ന് രാഹുല്‍ ഗന്ധി

Web Desk
|
21 Sep 2018 4:35 PM GMT

റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ വഴിവിട്ട് ഇടപെട്ടുവെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദയുടെ വെളിപെടുത്തലിന്റെ പശ്ചാതലത്തില്‍ കേന്ദ്രത്തിനെതരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിരിക്കുകയാണ്

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി മോദി ഇന്ത്യയെ വഞ്ചിച്ചതായി രാഹുല്‍ ഗാന്ധി. കരാര്‍ പിന്‍വാതില്‍ ഉടമ്പടിയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ വഴിവിട്ട് ഇടപെട്ടുവെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദയുടെ വെളിപെടുത്തലിന്റെ പശ്ചാതലത്തില്‍ കേന്ദ്രത്തിനെതരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിരിക്കുകയാണ്.

അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ കരാറില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണെന്നായിരുന്നു ഒലാന്ദിന്‍റെ വെളിപ്പെടുത്തല്‍. അനില്‍ അംബാനി ഗ്രൂപ്പിനെ ‘ദാസോ ഏവിയേഷന്‍സാ’ണ് തിരഞ്ഞെടുത്ത് പങ്കാളികളാക്കിയതെന്നും, ഇതിന്‍റെ നടപടിക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നുമായിരുന്നു ഇതുവരെ കേന്ദ്രത്തിന്‍റെ അവകാശവാദം. എന്നാല്‍ ഫ്രാന്‍സ്വ ഒളാന്ദയുടെ വെളിപ്പെടുത്തലോടെ ഇവ്വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

അതിനിടെ, മോദി ഇന്ത്യയെ വഞ്ചിക്കുകയായിരുന്നു എന്നും കേന്ദ്രത്തിന്റെ ഗൂഡമായ ഇടപെടലുകളാണ് പുതിയ വെളിപ്പെടുത്തലോടെ പുറത്തു വന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ സെെന്യത്തിനെ ഒന്നടങ്കം അപമാനിക്കുകയാണ് ഇതുവഴി മോദി ചെയ്തതെന്നും അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചു.

പുതിയ വെളിപ്പെടുത്തലോടെ പ്രതിപക്ഷം ഒന്നടങ്കം സര്‍ക്കാറിനെതിരെ രംഗത്തെത്തി. റാഫേല്‍ ഇടപാടുമായി സര്‍ക്കാര്‍ പറയുന്നത് മുഴുവന്‍ വെെരുദ്ധ്യമാണെന്ന് ചൂണ്ടിക്കാണിച്ച അരവിന്ദ് കെജ്‍രിവാള്‍, രാജ്യരക്ഷയെ തന്നെയാണ് സര്‍ക്കാര്‍ അപകടത്തിലാക്കുന്നതെന്നും പറഞ്ഞു.

ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെയാണ് 126 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ഫ്രാന്‍സുമായി കരാറിലെത്തുന്നത്. അന്ന് ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്റെ ഇന്ത്യന്‍ കരാര്‍ പങ്കാളി പൊതുമേഖല സ്ഥാപനമായ ‍എച്ച്.എ.എല്‍ (ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡ്) ആയിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ 126 വിമാനങ്ങള്‍ വെട്ടിച്ചുരുക്കി 36 ആക്കുകയും യു.പി.എ കാലത്തേക്കാള്‍ കൂടിയ വിലയ്ക്ക് വിമാനം വാങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു. കൂടിയ വിലയ്ക്ക് കുറച്ചുവാങ്ങുന്നിതിന് പിന്നിലും എച്ച്.എ.എല്ലിന് പകരം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ കരാറില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Similar Posts