പാകിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി
|ഷോപ്പിയാനിയില് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്.
പാക് വിദേശകാര്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്മാറി. ജമ്മുകശ്മീരില്‍ പൊലീസുകാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് നടപടി. പൊലീസുകാരുടെ കൊലപാതകത്തിലൂടെ പാകിസ്ഥാന്റെ രഹസ്യ അജണ്ടയും ഇമ്രാന് ഖാന്റെ യഥാര്‍ത്ഥ മുഖവും വെളിപ്പെട്ടതായി വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.
വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ഇന്നലെയാണ് സന്നദ്ധത അറിയിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കത്തിലൂടെ ആവശ്യപ്പെട്ടതോടെയായിരുന്നു തീരുമാനം. അടുത്തയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ പൊതു അസംബ്ലിക്കിടെ കൂടിക്കാഴ്ച നടത്താനായിരുന്നു പദ്ധതി. ഇതിനിടെയാണ് ഇന്ന് പുലർച്ചെ 3 പോലീസുകാരെ ഷോപ്പിയാനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ഉദ്യോഗസ്ഥരോട് രാജിവക്കാനായിരുന്നു ഭീകരരുടെ നിർദ്ദേശം.
ആക്രമണത്തിലൂടെ ഇമ്രാന് ഖാന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടെന്നും ഭീകരതെ പ്രോത്സാഹിപ്പിക്കുന്ന പാക് നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു. ഭീകവാദം ചെറുക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും ആക്രമണങ്ങള്‍ക്ക് ഉത്തരവാദി പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു
സംഭവത്തിന്റെ പശ്ചാതലത്തില്‍ 10 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ രാജിവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റ വിശദീകരണം.