തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നത് ഡോണൾഡ് ട്രംപിന്റെ ചീഫ് കാമ്പയിനർ; ജനസമ്പർക്ക പരിപാടികൾക്ക് തുടക്കം കുറിച്ച് കമൽഹാസന്
|ലഖ്നോ ഐ.ഐ.എം ഇലക്ട്രിക് എന്‍ജിനീയറിങ് ബിരുദധാരിയായ അവിനാശിനെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ട്രംപ് പ്രത്യേകം അഭിനന്ദിച്ചിരുന്നു
രാഷ്ട്രീയ പ്രവേശനത്തിന് സൂക്ഷ്മതയോടെ ഓരോ ചുവടും എടുത്തു വെച്ചുകൊണ്ട് ഉലകനായകന്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടില്‍ ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് 'മക്കള്‍ നീതിമയ്യം' പ്രസിഡന്റ് കമല്ഹാസന്. പശ്ചിമ മേഖല ജില്ലകളില്‍ പര്യടനം ആരംഭിച്ച കമല്‍ഹാസന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നത് അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്റെ അവസാനഘട്ട 45 ദിവസത്തെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ആന്ധ്ര സ്വദേശി അവിനാശ് ഇരഗവരപുവാണ്. ഇക്കാര്യം കോയമ്പത്തൂര്‍ മേഖലയിലെ പ്രവര്‍ത്തക യോഗത്തിനുശേഷം കമല്ഹാസന് തന്നെയാണ് വാര്‍ത്താലേഖകരെ അറിയിച്ചത്.
കമല്‍ഹാസന്റെ അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ യുവജനങ്ങളിലെത്തിക്കുന്നതോടൊപ്പം മാതൃകാഗ്രാമങ്ങള്‍ സൃഷ്ടിച്ച് പ്രചാരണ ആയുധമാക്കാനാണ് നീക്കം. മറ്റു രാഷ്ട്രീയകക്ഷികളില്‍നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തനരീതിയിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയാണ് ലക്ഷ്യം. ലഖ്നോ ഐ.ഐ.എം ഇലക്ട്രിക് എന്‍ജിനീയറിങ് ബിരുദധാരിയായ അവിനാശിനെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ട്രംപ് പ്രത്യേകം അഭിനന്ദിച്ചിരുന്നു.
പ്രധാന പ്രവര്‍ത്തകരുമായി കൂടിയാലോചന നടത്തി സംഘടന പ്രവര്‍ത്തനം ഊര്ജിതപ്പെടുത്തുന്നതോടൊപ്പം കലാലയങ്ങളിലും മറ്റുമായി വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ഒപ്പം നിര്‍ത്താനാണ് താരത്തിന്റെ ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച കമല്ഹാസന് ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.