India
‘നാല് ദിവസം മുന്നേ പോലീസ് മക്കളെ കൊണ്ട് പോയി’; അലിഗഡിലേത് വ്യാജ ഏറ്റുമുട്ടലെന്ന് കുടുംബങ്ങൾ 
India

‘നാല് ദിവസം മുന്നേ പോലീസ് മക്കളെ കൊണ്ട് പോയി’; അലിഗഡിലേത് വ്യാജ ഏറ്റുമുട്ടലെന്ന് കുടുംബങ്ങൾ 

Web Desk
|
22 Sep 2018 11:01 AM GMT

‘എന്റെ മകനെ പോലീസ് വീട്ടിൽ നിന്നും പിടിച്ച് കൊണ്ട് പോയി പച്ചയായി കൊന്ന് കളഞ്ഞതാണ്’; നൗഷാദിന്റെ ഉമ്മ ഷഹീന പറയുന്നു

മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് നടന്ന രാജ്യത്തെ ആദ്യത്തെ ഏറ്റുമുട്ടൽ കൊലപാതകം റിപ്പോർട്ട് ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷം കൊല്ലപ്പെട്ട നൗഷാദിന്റെയും മുസ്തകീമിന്റെയും കുടുംബങ്ങൾ മാധ്യമങ്ങളെ കണ്ടു. പോലീസിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കുടുംബങ്ങൾ മാധ്യമങ്ങളോട് ഉയർത്തിയത്. ഏറ്റുമുട്ടൽ നടക്കുന്നതിന് നാല് ദിവസം മുൻപേ തന്നെ തങ്ങളുടെ മക്കളെ പോലീസ് പിടിച്ചു കൊണ്ട് പോയെന്ന് കുടുംബങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ മക്കളുടെ മരണത്തിന് ഉത്തരവാദികൾ പോലീസാണെന്നാണ് കുടുംബങ്ങൾ പറയുന്നത്.

വ്യാജ ഏറ്റുമുട്ടലിൽ കൊല ചെയ്യപ്പെട്ട മുസ്തകീമിന്റെ ഉമ്മ ശബാന

മുസ്തകീമും നൗഷാദും ക്വാസി പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും ബൈക്കും മൊബൈലും മോഷ്ട്ടിച്ച് രക്ഷപെട്ടെന്നും പിന്നീട് നാല് കിലോമീറ്റര്‍ അപ്പുറത്തുള്ള ഉപയോഗ ശൂന്യമായ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചുവെന്നുമാണ് പോലീസ് ഭാഷ്യം. തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ രക്ഷപെട്ടവര്‍ പോലീസിന് നേരെ വെടിവച്ചുവെന്നും പിന്നാലെ പോലീസ് പ്രത്യാക്രമണം നടത്തി ഇരുവരെയും വധിച്ചുവെന്നുമാണ് അലിഗഡ് പോലീസ് മേധാവി അതുൽകുമാർ ശ്രീ വാസ്തവയുടെ ഭാഷ്യം. ഒന്നര മണിക്കൂറോളം വെടി വെപ്പ് നടന്നെന്നും ശേഷം സ്ഥലത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചെന്നുമെന്നാണ് പോലീസ് കഥ.

ये भी पà¥�ें- യു.പിയില്‍ മാധ്യമങ്ങളെ ക്ഷണിച്ച് പോലീസിന്റെ ഏറ്റുമുട്ടല്‍ കൊലപാതകം

വ്യാഴാഴ്ച രാവിലെ 6:45ന് പോലീസ് സ്ഥലത്തെ പ്രാദേശിക മാധ്യമ പ്രവർത്തകരെ വിളിച്ച് ‘യഥാർത്ഥ ഏറ്റുമുട്ടൽ കാണണോ’ എന്ന് ചോദിച്ചിരുന്നെന്ന് മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. ‘ഏറ്റുമുട്ടൽ യഥാർത്ഥമായി കാണാമെന്നും വിഡിയോ എടുക്കാമെന്നുമാണ്’ പോലീസ് മാധ്യമ പ്രവർത്തകർക്ക് നൽകിയ ഓഫർ. ശേഷം സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകർ ബുള്ളറ്റ് പ്രൂഫ് ധരിച്ച പോലീസുക്കാർ ഏറ്റുമുട്ടുന്നത് കണ്ടെന്നും റിപോർട്ടുകൾ പറയുന്നു. മാധ്യമ പ്രവർത്തകരോട് നൂറ് മീറ്റർ മാറി നിൽക്കാനും പോലീസ് പറഞ്ഞതായും മാധ്യമ പ്രവർത്തകർ സാക്ഷ്യപെടുത്തുന്നു. മാധ്യമ പ്രവർത്തകരാരും ബുള്ളറ്റ് പ്രൂഫോ ഹെൽമെറ്റോ ധരിച്ചിരുന്നില്ലെന്നും റിപോർട്ടുകൾ പറയുന്നു.

മുസ്തകീമിന് 22 വയസ്സും നൗഷാദിന് 17 ഉം മാണെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. പക്ഷെ പോലീസ് തെറ്റായി മുസ്തകീമിന് 25ഉം നൗഷാദിന് 22 വയസ്സുമായിട്ടാണ് മാധ്യമങ്ങളോട് പറഞ്ഞത്.

പോലീസ് ഞായറാഴ്ച രാത്രി 2:30ന് വീട്ടിലേക്ക് കയറി മുസ്തകീമിനെയും നൗഷാദിനെയും കൊണ്ട് പോയെന്നും, പിടിച്ച് കൊണ്ട് പോവുന്ന കൂട്ടത്തിൽ മുസ്തകീമിന്റെ സഹോദരൻ സൽമാനെയും ബുദ്ധി സ്ഥിരതയില്ലാത്ത മകൻ നസീമിനെയും പിടിച്ചു കൊണ്ട് പോയെന്നും മുസ്തകീമിന്റെ വലിയുമ്മ റഫിഖാൻ ‘ഇന്ത്യൻ എക്സ്പ്രെസി’നോട് പറഞ്ഞു.

‘എന്റെ മകനെ പോലീസ് വീട്ടിൽ നിന്നും പിടിച്ച് കൊണ്ട് പോയി പച്ചയായി കൊന്ന് കളഞ്ഞതാണ്’; നൗഷാദിന്റെ ഉമ്മ ഷഹീന പറയുന്നു. നീതി കിട്ടാൻ വേണ്ടി കോടതിയെ സമീപിക്കുമെന്നും ഷഹീന മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതിന് ശേഷം യോഗി ആദിത്യ നാഥിന് കീഴിൽ ഇത് വരെ ഉത്തർ പ്രദേശിൽ 1500 ഏറ്റുമുട്ടലുകൾ നടന്ന് 66 പ്രതികൾ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. കൊല ചെയ്യപെട്ട പലരുടെയും ബന്ധുക്കൾ ഇതിനകം തന്നെ എല്ലാം വ്യാജ ഏറ്റുമുട്ടലാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

Similar Posts