റഫാല്‍; ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലില്‍ മറുപടിയില്ലാതെ ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും
|മോദി ഇന്ത്യയെ വഞ്ചിച്ചെന്ന് ട്വിറ്ററിലൂടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നും ആരോപിച്ചു.
റഫാല്‍ യുദ്ധവിമാന ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് മോദി സര്‍ക്കാര്‍ പറഞ്ഞിട്ടാണെന്ന ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. രാജ്യത്തിന്റെ പ്രതിരോധ മേഖലയെ മോദി വഞ്ചിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം റിലയന്‍സിനെ തെരഞ്ഞെടുത്തത് തങ്ങളാണെന്ന് ഫ്രഞ്ച് വ്യോമയാന കമ്പനിയായ ഡെസോള്‍ട്ട് വിശദീകരിച്ചു.
കഴിഞ്ഞ ദിവസം, മീഡിയാ പാർട്ടെന്ന ഫ്രഞ്ച് പോർട്ടലിനോടായിരുന്നു ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാങ്സ്വ ഓലന്‍ഡിന്റെ വെളിപ്പെടുത്തൽ. കരാറിൽ അനിൽ അംബാനിയുടെ റിലയൻസിനെ പങ്കാളിയാക്കിയത് ഇന്ത്യൻ സർക്കാർ പറഞ്ഞിട്ടാണ് എന്നായിരുന്നു ഒാലന്‍ഡ് പറഞ്ഞത്. ഇക്കാര്യം കേന്ദ്രസർകാരും ഫ്രാൻസ് പ്രതിരോധ മന്ത്രാലയവും തള്ളിയെങ്കിലും ഇതുവരെ ഒാലന്‍ഡ് മാറ്റിപ്പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാരിനെതിരെ പ്രതിഷേധം രൂക്ഷമാക്കുകയാണ് പ്രതിപക്ഷം.
മോദി ഇന്ത്യയെ വഞ്ചിച്ചെന്ന് ട്വിറ്ററിലൂടെ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നും ആരോപിച്ചു. റഫാലിൽ വൈകീട്ട് കൂടുതൽ തെളിവ് പുറത്ത് വിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി പ്രതികരിച്ചു. റഫാല്‍ കരാറിലുൾപ്പെട്ട ഫ്രഞ്ച് വ്യോമയാന കമ്പനിയായ ഡെസോള്ട്ടിന്, അവരുടെ വാണിജ്യ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്ന് ഫ്രാന്‍സ് സര്‍ക്കാർ വിശദീകരിച്ചു. ഇക്കാര്യം ശരിവച്ച് ഡെസോള്ട്ടും പ്രസ്താവനയിറക്കി. ഇവ ചൂണ്ടിക്കാട്ടിയാകും പ്രതിപക്ഷ ആരോപണങ്ങളെ ഇനി ബി.ജെ.പി പ്രതിരോധിക്കുക.