റാഫേല്‍ ഇടപാട് റദ്ദാക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‍ലി; മോദി മറുപടി പറയേണ്ട കാര്യമില്ല
|പൂര്‍ണമായും സുതാര്യമാണ് റാഫേല്‍ ഇടപാട്. നിലവില്‍ അത് റദ്ദാക്കേണ്ട ആവശ്യമില്ല. യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചതിനേക്കാളും കുറഞ്ഞ വിലയിലാണ് എന്‍.ഡി.എ സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങുന്നതെന്ന് ജെയ്റ്റ്‍ലി
അഴിമതിയാരോപണങ്ങള്‍ ശക്തമാകുന്നതിനിടയിലും റാഫേല്‍ യുദ്ധ വിമാനക്കരാര്‍ റദ്ദാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. കരാര്‍ സംബന്ധിച്ച മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദിന്റെ പ്രസ്താവന മുന്‍കൂട്ടിത്തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്. ഒലാന്ദിന്റെ പ്രസ്താവനകള്‍ പരസ്പര വിരുദ്ധമാണ്. ഇടപാടിലെ വിവരങ്ങളെല്ലാം ഓഡിറ്റിനായി സി.എ.ജിക്ക് മുമ്പില്‍ സമര്‍പ്പിക്കുമെന്നും ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയേണ്ട കാര്യമില്ലെന്നും ജെയ്റ്റിലി പറഞ്ഞു.
റാഫേല്‍ യുദ്ധ വിമാനക്കരാറില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര സര്‍ക്കാരിനുമെതിരെ അഴിമതിയാരോപണം ശക്തമാകുന്നതിനിടെയാണ് വിശദീകരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി രംഗത്തെത്തിയിരിക്കുന്നത്. റാഫേല്‍ ഇടപാട് സുതാര്യമാണെന്നും, ആരോപണങ്ങളുടെ പേരില്‍ കരാര്‍ റദ്ദാക്കില്ലെന്നും ജെയ്റ്റ്‍ലി പറഞ്ഞു. റാഫേലില്‍ ഒരു ബോബ് പൊട്ടാനുണ്ടെന്ന് ആഗസ്ത് മുപ്പതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവന വന്നത്. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് പ്രസ്താവന മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നാണ്.
ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സി.എ.ജിക്ക് മുമ്പില്‍ സമര്‍പ്പിക്കും. സി.എ.ജി റിപ്പോര്‍ട്ട് വരുന്നതോടെ ആരോപണങ്ങള്‍ പൊളിയും. ആരോപണങ്ങളില്‍ പ്രധാനമന്ത്രി മറുപടി പറേയണ്ട കാര്യമില്ല. ജനാധിപത്യത്തില്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും പ്രധാനമന്ത്രി കള്ളനാണെന്ന രാഹുലിന്റെ പ്രസ്താവന ബുദ്ധിശൂന്യമാണെന്നും ജെയ്റ്റ്‍ലി പറഞ്ഞു.