India
ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ചിതലുകളെന്ന് അമിത് ഷാഅമിത് ഷാ
India

ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ചിതലുകളെന്ന് അമിത് ഷാ

Web Desk
|
24 Sep 2018 11:38 AM GMT

രാജസ്ഥാനില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വിവാദ പരാമര്‍ശം. 

നിയമവിരുദ്ധമായി കഴിയുന്ന കോടിക്കണക്കിന് ബംഗ്ലാദേശികള്‍ ചിതലുകളെപ്പോലെ രാജ്യത്തെ വിഭവങ്ങള്‍ തിന്ന് തീര്‍ക്കുകയാണെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനക്കെതിരെ ബംഗ്ലാദേശ്. അമിത് ഷായുടെ പരാമര്‍ശം അനാവശ്യമാണെന്ന് ബംഗ്ലാദേശ് ഇന്‍ഫര്‍മേഷന്‍ മന്ത്രി പ്രതികരിച്ചു. ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ അനധികൃതമായി കഴിയുന്നില്ലെന്നും, ഇക്കാര്യം ഒരിക്കല്‍ പോലും നയതന്ത്ര തലത്തില്‍ ഇന്ത്യ ഉന്നയിച്ചിട്ടില്ലെന്നും ഇന്‍ഫര്‍മേഷന്‍ മന്ത്രി ഹസനുല്‍ ഹഖ് ഇനു പറഞ്ഞു.

രാജസ്ഥാനില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വിവാദ പരാമര്‍ശം. രാജ്യത്ത് നുഴഞ്ഞ് കയറിയ കോടിക്കണക്കിന് വരുന്ന ബംഗ്ലാദേശികള്‍ ചിതലകളെപ്പോലെ വിഭവങ്ങള്‍ കാര്‍ന്ന് തിന്നുകയാണ്. ഇവരെ കണ്ടെത്തി പുറന്തള്ളുമെന്നും, അതിന്റെ ആദ്യ നടപടിയാണ് അസം പൌരത്വ രജിസ്റ്ററി എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പാക്കിയതെന്നും അമിത് ഷാ പറഞ്ഞു. ഷായുടെ പ്രസ്താവന അങ്ങേയറ്റം വിദ്വേഷം നിറഞ്ഞതും, സമുദായങ്ങളെ വിഘടിപ്പിക്കുന്നതിനുമാണെന്ന വിമര്‍ശം ശക്തമാണ്. അതിനിടെയാണ് രൂക്ഷ പ്രതികരണവുമായി ബംഗ്ലാദേശും രംഗത്ത് വന്നിരിക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്റെ പ്രസ്താവന അനാവശ്യവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് ബംഗ്ലാദേശ് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഹസനുല്‍ ഹഖ് ഇംഗ്ലീഷ് വാര്‍ത്ത ചാനലിനോട് പറഞ്ഞു.

ഇന്ത്യയില്‍ ഒരു ബംഗ്ലാദേശിയും അനധികൃതമായി താമസിക്കുന്നില്ല. ബംഗാളി സംസാരിക്കുന്നവരെല്ലാം ബംഗ്ലാദേശികളല്ല. ഷായുടെ പ്രസ്താവനക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ല. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട് വ്യത്യസ്തമാണ്. അനധികൃതമായി ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ താമസിക്കുന്നതായുള്ള പരാതി ഒരിക്കല്‍ പോലും ഔദ്യോഗിക ചര്‍ച്ചകളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉന്നയിച്ചിട്ടില്ലെന്നും ഹസനുല്‍ ഹഖ് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭ ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ബംഗ്ലാദേശി നുഴഞ്ഞ് കയറ്റമെന്ന പേരില്‍ അസം പൌരത്വ രജിസ്റ്ററി പ്രചാരണ വിഷയമാക്കി മാറ്റാനാണ് ബി.ജെ.പിയുടെ തീരുമാനം. ഇക്കാര്യത്തിലുള്ള ദേശീയ അധ്യക്ഷന്റെ പ്രസ്താവനക്കെതിരെ സൌഹൃദ രാജ്യമായ ബംഗ്ലാദേശ് രംഗത്ത് വന്നത് ഇന്ത്യക്ക് നയതന്ത്ര തലത്തില്‍ തിരിച്ചടിയാണ്.

Similar Posts