India
പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതി തള്ളി 5 സംസ്ഥാനങ്ങള്‍; കാരണമിതാണ്..
India

പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതി തള്ളി 5 സംസ്ഥാനങ്ങള്‍; കാരണമിതാണ്..

Web Desk
|
24 Sep 2018 5:55 AM GMT

ഇന്നലെയാണ് ജാര്‍ഖണ്ഡില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ പത്തുകോടി ദരിദ്രകുടംബങ്ങള്‍ക്ക് വര്‍ഷം 5ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ആയുഷ്മാന്‍ ഭാരത് പദ്ധതി തള്ളി 5 സംസ്ഥാനങ്ങള്‍. കേരളം, തെലങ്കാന, ഒഡീഷ, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ആയുഷ്മാന്‍ പദ്ധതിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. നിലവില്‍ തങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ ഇൻഷ്വറൻസ് സ്കീമുകൾ നിലനില്‍ക്കുന്നതിനാല്‍ ആശങ്കകൾ പരിഹരിക്കപ്പെടുന്നതുവരെ ആയുഷ്മാന്‍ പദ്ധതി നടപ്പാക്കില്ലെന്നാണ് ഇവയില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും നിലപാട്.

ഇന്നലെയാണ് ജാര്‍ഖണ്ഡില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. പദ്ധതി പ്രകാരം രാജ്യത്തെ പത്തുകോടി ദരിദ്രകുടംബങ്ങള്‍ക്ക് വര്‍ഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

നിലവില്‍ നല്ല ആരോഗ്യ സംരക്ഷണ പദ്ധതികളുള്ള സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ, മോദിയുടെ ഊര്‍ജം ഇന്ധന വില കുറക്കാന്‍ ഉപയോഗിക്കണമെന്നും പട്നായിക് നിര്‍ദ്ദേശിച്ചു.

ആയുഷ്മാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികിനെ പ്രധാനമന്ത്രി ഒഡീഷയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ വെച്ച് വിമര്‍ശിക്കുകയും ചെയ്തു. ''ആയുഷ്മാൻ ഭരത് പദ്ധതിയുടെ പ്രാധാന്യം ഓരോരുത്തർക്കും അറിയാം, എന്നാൽ നവീൻ ബാബുവിന് അത് മനസ്സിലായിട്ടില്ല. ഒഡീഷ സർക്കാർ മുന്നോട്ട് വരികയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യണം.'' പ്രധാനമന്ത്രി പറഞ്ഞു.

എന്നാല്‍ മോദിക്ക് മറുപടിയുമായി നവീന്‍ പട്നായികും രംഗത്തെത്തി. ''ഒഡീഷയില്‍ നിലവിലുള്ള ബിജു സ്വാസ്ഥ്യ കല്യാൺ യോജന പദ്ധതി പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരതിനേക്കാള്‍ കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതാണ്. കേന്ദ്ര പദ്ധതിയില്‍ 5 ലക്ഷം വനിതകള്‍ക്കാണ് ആനുകൂല്യം ലഭിക്കുകയെങ്കില്‍ സംസ്ഥാന പദ്ധതിയില്‍ 7 ലക്ഷം വനിതകളാണ് ഗുണഭോക്താക്കളാവുക.'' പട്നായിക് പറ‍ഞ്ഞു. നിലവില്‍ നല്ല ആരോഗ്യ സംരക്ഷണ പദ്ധതികളുള്ള സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ, മോദിയുടെ ഊര്‍ജം ഇന്ധന വില കുറക്കാന്‍ ഉപയോഗിക്കണമെന്നും പട്നായിക് നിര്‍ദ്ദേശിച്ചു.

ആയുഷ്മാൻ ഭാരത് കാർഡിലെ പ്രധാനമന്ത്രിയുടെ ഫോട്ടോ പാർലമെൻറ് തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി.ക്ക് അനിയന്ത്രിതമായ പ്രചാരണം നൽകുവാന്‍ ഉപകരിക്കുമെന്നാണ് തെലങ്കാന സര്‍ക്കാരിന്റെ നിരീക്ഷണം.

തെലങ്കാനയില്‍ നിലവിലുള്ള ആരോഗ്യ പദ്ധതി 80 ലക്ഷത്തോളം ജനങ്ങൾക്ക് ഉപകാരപ്പെടുമ്പോള്‍ ആയുഷ്മാന്‍ പദ്ധതി 70 ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് പ്രയോജനപ്പെടുകയെന്ന് തെലുങ്കാന സര്‍ക്കാരും വ്യക്തമാക്കി. കൂടാതെ ആയുഷ്മാൻ ഭാരത് കാർഡിലെ പ്രധാനമന്ത്രിയുടെ ഫോട്ടോ പാർലമെൻറ് തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി.ക്ക് അനിയന്ത്രിതമായ പ്രചാരണം നൽകുവാന്‍ ഉപകരിക്കുമെന്നുമാണ് തെലങ്കാന സര്‍ക്കാരിന്റെ നിരീക്ഷണം.

ഇത്രയധികം ബൃഹത്തായ ഒരു തലത്തിൽ ഗവൺമെൻറ് ഈ പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന് കേരള ധനകാര്യമന്ത്രി തോമസ് ഐസക് ആശങ്ക പ്രകടിപ്പിച്ചു. അതേസമയം ഡല്‍ഹി സര്‍ക്കാരിന് നിലവില്‍ ഇൻഷുറൻസ് സ്കീമില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ ഡല്‍ഹിയും അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാനത്ത് ആയുഷ്മാന്‍ ഭാരതി ലക്ഷ്യം വെക്കുന്നത് 6 ലക്ഷം കുടുംബങ്ങളെയാണ്. ആകെ ജനസംഖ്യയായ 2 കോടിയുടെ വെറും മൂന്ന് ശതമാനം മാത്രമാണിത്. ഇതേ സ്ഥിതി തന്നെയാണ് പഞ്ചാബിലേതും.

Similar Posts