India
‘റഫാലില്‍ അന്വേഷണമില്ലെങ്കില്‍ ടോസ് ചെയ്ത് നോക്കാം’ ജയ്റ്റ്ലിയെ ട്രോളി ചിദംബരം
India

‘റഫാലില്‍ അന്വേഷണമില്ലെങ്കില്‍ ടോസ് ചെയ്ത് നോക്കാം’ ജയ്റ്റ്ലിയെ ട്രോളി ചിദംബരം

Web Desk
|
24 Sep 2018 8:15 AM GMT

റഫാലിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വ ഓലന്‍ഡിന്റെ വെളിപ്പെടുത്തല്‍ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഓലന്‍ഡിന്റെ വെളിപ്പെടുത്തൽ സർക്കാർ നിഷേധിച്ചെങ്കിലും അന്വേഷണത്തെ എതിര്‍ക്കുകയാണ്.

റഫാല്‍ ഇടപാടില്‍ അന്വേഷണം നേരിടാന്‍ വിസമ്മതിക്കുന്ന മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. റഫാൽ കരാറിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വ ഓലന്‍ഡിന്റെ വെളിപ്പെടുത്തല്‍ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. എന്നാല്‍ ഓലന്‍ഡിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാർ നിഷേധിച്ചെങ്കിലും അന്വേഷണത്തെ എതിര്‍ക്കുകയാണ്.

''സത്യത്തിന് ഒരിക്കലും രണ്ട് വശമുണ്ടാകാന്‍ പാടില്ലെന്നാണ് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി പറയുന്നത്. വളരെ ശരിയാണ്. അതേസമയം ജയ്റ്റ്ലിയെ സംബന്ധിച്ചിടത്തോളം സത്യത്തിന് രണ്ട് വശങ്ങളുണ്ട്. ഏത് വശമാണ് 'സത്യ'മെന്ന് കണ്ടെത്താന്‍ ഏതാണ് ഏറ്റവും നല്ല വഴി..? ഒന്നുകില്‍ (1)അന്വേഷണത്തിന് ഉത്തരവിടുക, അല്ലെങ്കില്‍ (2) കോയിന്‍ ഉപയോഗിച്ച് ടോസ് ചെയ്ത് നോക്കുക. ധനകാര്യമന്ത്രി ഇതില്‍ രണ്ട് വശവും ഹെഡ്സുള്ള കോയിന്‍ ഉപയോഗിച്ച് ടോസ് ചെയ്യാനാണ് സാധ്യത.'' ചിദംബരം ട്വീറ്റ് ചെയ്തു.

റഫാല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ കരാറിലെ ഇന്ത്യന്‍ പങ്കാളിയായി നോമിനേറ്റ് ചെയ്യാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരുന്നു എന്നായിരുന്നു ഓലന്‍ഡ് ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയ പാര്‍ട്ടിനോട് പറഞ്ഞത്. പൊതുമേഖല സ്ഥാപനമായ എച്ച്.എ.എല്ലിനെ(ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡ്) കരാര്‍ പങ്കാളിയാക്കി ആയിരുന്നു യു.പി.എ സര്‍ക്കാരിന്റെ കാലത്തെ കരാര്‍.

കൂടിയ വിലക്ക് കുറച്ച് വിമാനങ്ങള്‍ വാങ്ങിയതിലും, എച്ച്.എ.എല്ലിന് പകരം റിലയന്‍സിനെ കൊണ്ടുവന്നതിലും അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Similar Posts