തനിക്കെതിരെ കോണ്‍ഗ്രസ് ആഗോളസഖ്യം രൂപീകരിക്കുകയാണെന്ന് മോദി
|അന്താരാഷ്ട്രതലത്തില്‍ സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി
കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് രാജ്യത്തിന് തലവേദനയായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി കുറ്റപ്പെടുത്തി.
മധ്യപ്രദേശിലെ ഭോപ്പാലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. തന്നെ ആക്ഷേപിക്കുന്നതിന് എത്ര ശക്തിയും ഉപയോഗിക്കൂ. എല്ലാ പദപ്രയോഗങ്ങളും നടത്തൂ. രാജ്യത്തിനകത്ത് വിശാല സഖ്യം ഉണ്ടാക്കാന്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് ഇപ്പോള്‍ തനിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ സഖ്യുണ്ടാക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന വിദേശരാജ്യങ്ങളാണെന്ന് കരുതുന്ന കോണ്‍ഗ്രസിന്റെ സമനില തെറ്റിയോ എന്നും മോദി ചോദിച്ചു.
അതേസമയം റഫാല്‍ ഇടപാടില്‍ മോദിയെ വിമര്‍ശിച്ച് വീണ്ടും രാഹുല്‍ ഗാന്ധി രംഗത്തെത്തി. പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച് മോദി അംബാനിക്ക് നല്കി. ജനങ്ങളുടെ സേവകനാണെന്ന് പറയുന്ന മോദിയാണ് ഇത് ചെയ്തത്. റഫാല്‍ സംബന്ധിച്ച് സംസാരിക്കാന്‍ മോദി തയ്യാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.