India
‘ഗുജറാത്ത് കലാപത്തില്‍ മോദി സര്‍ക്കാര്‍ കാഴ്ചക്കാരായി നിന്നു’വെന്ന പരാമര്‍ശം; പഠനസഹായിയുടെ രചയിതാക്കൾക്കെതിരെ കേസ്
India

‘ഗുജറാത്ത് കലാപത്തില്‍ മോദി സര്‍ക്കാര്‍ കാഴ്ചക്കാരായി നിന്നു’വെന്ന പരാമര്‍ശം; പഠനസഹായിയുടെ രചയിതാക്കൾക്കെതിരെ കേസ്

Web Desk
|
25 Sep 2018 4:56 AM GMT

കലാപ കാലത്ത് മോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാര്‍ ‘നിശ്‍ശബ്ദ കാഴ്ചക്കാരന്റെ’ വേഷമണിഞ്ഞുവെന്നായിരുന്നു പഠനസഹായിയിലെ പരാമര്‍ശം.

2002 ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്കിനെക്കുറിച്ചുള്ള പരാമര്‍ശത്തിന് ആസാമീസ് പഠന സഹായിയുടെ രചയിതാക്കൾക്കെതിരെ കേസ്. കലാപ കാലത്ത് മോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാര്‍ 'നിശ്‍ശബ്ദ കാഴ്ചക്കാരന്റെ' വേഷമണിഞ്ഞുവെന്നായിരുന്നു പഠനസഹായിയിലെ പരാമര്‍ശം. എന്നാല്‍ വരാൻ പോകുന്ന വിദ്യാർത്ഥി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ് പരാമര്‍ശമെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ പുസ്തകത്തിന്റെ രചയിതാക്കള്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

സെപ്തംബർ 15 ന് ഗോലാഘാട്ട് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസ് ഉടൻ പുസ്തകത്തിന്റെ പ്രസാധകരായ അസാം ബുക്ക് ഡിപ്പോട്ട് സ്ഥിതി ചെയ്യുന്ന ഗുവാഹത്തിയിലേക്ക് മാറ്റും. ഐ.പി.സി. സെക്ഷൻ 153 എ (മതവും വർഗവും അടിസ്ഥാനമാക്കി വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുത പ്രോത്സാഹിപ്പിക്കുക), സെക്ഷൻ 505 (ഏതെങ്കിലും സമുദായത്തെ തെറ്റായ രീതിയില്‍ ഉത്തേജിപ്പിക്കുന്ന പ്രസിദ്ധീകരണം നടത്തുക), സെക്ഷൻ 34 (ഒരു പൊതു ഉദ്ദേശത്തോടുകൂടി നിരവധി വ്യക്തികൾ ചേര്‍‌ന്ന് കുറ്റകൃത്യം നടത്തുക) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

‘’കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്‍ലിംകളായിരുന്നു. ശ്രദ്ധേയമായ കാര്യം, അക്രമസമയത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍‌ക്കാര്‍ ഒരു നിശ്‍ശബ്ദ കാഴ്ചക്കാരനായിരുന്നു എന്നതാണ്. കൂടാതെ, ഭരണകൂടം ഹിന്ദുക്കളെ സഹായിച്ചിരുന്നുവെന്നും ആരോപണങ്ങൾ ഉയര്‍ന്നിരുന്നു.’’ പാഠഭാഗത്തില്‍ പറയുന്നു.

നാഷണൽ കൌൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസേർച്ച് ആന്റ് ട്രെയിനിംഗും ആസാം ഹയർസെക്കൻഡറി എഡ്യുക്കേഷണൽ കൗൺസിലും നിർദേശിച്ച പാഠ്യപദ്ധതി അനുസരിച്ച് രചിച്ച പഠനസഹായി 2011 മുതൽ തന്നെ പ്രചാരത്തിലുള്ളതാണ്. പുസ്തകത്തിന്റെ രചയിതാക്കളായ ദുർഗകാന്ത ശർമ്മ, റഫീഖ് സമാൻ, മനാഷ് പ്രതിം ബറുവ എന്നിവരെല്ലാം പ്രഗത്ഭരായ അധ്യാപകരാണ്. രണ്ട് വ്യത്യസ്ത കോളേജുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പുകളുടെ തലവന്‍മാരായി വിരമിച്ചവരാണ് ശർമ്മയും സാമും. അതേസമയം ഗുവാഹത്തിക്കടുത്തുള്ള ഒരു കോളേജിന്‍റെ ചുമതലയുള്ള വ്യക്തിയാണ് ബറുവ.

പുസ്തകത്തിലെ 376ആം പേജില്‍ 'അടുത്തിടെയുണ്ടായ പ്രശ്നങ്ങളും വെല്ലുവിളികളും' എന്ന അധ്യായത്തിലാണ് വിവാദ പരാമര്‍ശം. "ഈ സംഭവത്തിൽ [കോച്ച് കത്തിച്ച സംഭവം] സ്ത്രീകളും കുട്ടികളുമടക്കം 57 പേരാണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ മുസ്‍ലിംകളാണെന്ന സംശയം മൂലം അടുത്ത ദിവസം ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‍ലിംകള്‍ നിഷ്കരുണം ആക്രമിക്കപ്പെട്ടു. ഒരു മാസത്തിലധികം ഈ സംഘർഷം തുടർന്നു. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്‍ലിംകളായിരുന്നു. ശ്രദ്ധേയമായ കാര്യം, അക്രമസമയത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍‌ക്കാര്‍ ഒരു നിശ്‍ശബ്ദ കാഴ്ചക്കാരനായിരുന്നു എന്നതാണ്. കൂടാതെ, ഭരണകൂടം ഹിന്ദുക്കളെ സഹായിച്ചിരുന്നുവെന്നും ആരോപണങ്ങൾ ഉയര്‍ന്നിരുന്നു.'' പാഠഭാഗത്തില്‍ പറയുന്നു.

വിദ്യാർത്ഥികളില്‍ പ്രധാനമന്ത്രിയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ് പുസ്തകമെന്നാണ് പരാതിക്കാര്‍ പറയുന്നത്. പുസ്തകം നിരോധിക്കുകയോ മാര്‍ക്കറ്റില്‍ നിന്ന് നീക്കം ചെയ്യുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.

വരാൻ പോകുന്ന വിദ്യാർത്ഥികളില്‍ പ്രധാനമന്ത്രിയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ് പുസ്തകമെന്നാണ് പരാതിക്കാരായ എന്ന് സോമിത്ര ഗോസ്വാമി, മനബ് ജ്യോതി ബോറ എന്നിവര്‍ പറയുന്നത്. പുസ്തകം നിരോധിക്കുകയോ മാര്‍ക്കറ്റില്‍ നിന്ന് നീക്കം ചെയ്യുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശമില്ലെന്നും, മാറ്റങ്ങൾ വരുത്താൻ തയ്യാറാണെന്നും അസം ബുക്ക് ഡിപ്പോ പാര്‍ട്ണറായ കൌസ്തവ് ഗുഹ പറഞ്ഞു.

"എൻ.സി.ഇ.ആർ.ടി പാഠപുസ്തകം അടിസ്ഥാനമാക്കി എഴുതിയ ഈ പുസ്തകം ഏഴ് വർഷം മുമ്പാണ് ആദ്യം പ്രസിദ്ധീകരിച്ചത്. പൊതു ഇടത്തില്‍ ഇല്ലാത്തതായ, ഒന്നും ഞങ്ങൾ എഴുതിയിട്ടില്ല. ഗുജറാത്ത് കലാപത്തെക്കുറിച്ച് സമാനമായ ഉള്ളടക്കമുള്ള എൻ.സി.ഇ.ആർ.ടിയുടെ വേറെയും നിരവധി പുസ്തകങ്ങളുണ്ട്. എന്നാല്‍ അവർ എന്തിനാണ് ഞങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നതെന്ന് മനസിലാകുന്നില്ല." പുസ്തകത്തിന്റെ രചയിതാക്കളില്‍ ഒരാള്‍ പറയുന്നു.

Similar Posts