ബെംഗളൂരിലെ ‘ലേഡി ഡോൺ’ മുനിയമ്മ ഇനി ശ്രീരാമസേനയുടെ വനിതാ നേതാവ്
|കയ്യിൽ ടാറ്റു കുത്തി ആർഭാട ജീവിതം നയിക്കുന്ന, സ്വന്തമായിട്ട് ആഡംബര ബൈക്കും കാറുമൊക്കെയുള്ള, ബെംഗളൂരിന്റെ ലേഡി ഡോൺ എന്നറിയപ്പെടുന്ന യശ്വസിനി മഹേഷ് എന്ന മുനിയമ്മ ഇനി ശ്രീരാമ സേനയുടെ വനിതാ വിഭാഗത്തെ നയിക്കും. ബസവനഗുഡി പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളാണ് മുനിയമ്മക്കെതിരെയുള്ളത്. ഉയർന്ന പലിശക്ക് കടം കൊടുത്തതിനും, കൊലപാതക ശ്രമത്തിനും, ചെയിൻ മോഷണത്തിനും, പിടിച്ചു പറിക്കും മുനിയമ്മക്കെതിരെ നിരവധി പരാതികളാണുള്ളത്. സാധാരണക്കാരായ ആളുകൾക്ക് മുനിയമ്മക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ വരെ ഭയമായിരുന്നു എന്ന് പോലീസ് പറയുന്നു. ‘മീറ്റർ ബഡി’ എന്ന പ്രാദേശിക പേരിലാണ് മുനിയമ്മ ബെംഗളൂരിൽ അറിയപെടുന്നത്.
‘യശ്വസിനി കുറ്റം തെളിയിച്ച് ശിക്ഷിക്കുന്നത് വരെ നിരപരാധിയാണ്, ഹിന്ദു സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയാണ് അവരെ ഞങ്ങളുടെ സംസ്ഥാന നേതാക്കൾ തെരഞ്ഞെടുത്തത്. ഞാനവർക്ക് അനുവാദം കൊടുത്തു. അവരെ പാർട്ടിയിലേക്ക് ഞങ്ങൾ വളരെയധികം സന്തോഷത്തോടു കൂടി തന്നെ സ്വാഗതം ചെയ്യുന്നു’; ശ്രീരാമ സേനയുടെ സ്ഥാപകൻ പ്രമോദ് മുത്തലിക്ക് യശ്വസിനിയെ പാർട്ടിലെടുത്തതിനെ കുറിച്ച് പറയുന്നു.
കേസുകളിൽ നിന്നെല്ലാം കുറ്റവിമുക്തയായി പുറത്ത് വരുമെന്നും ഹിന്ദു സ്ത്രീകളുടെ സംരക്ഷണം ഉറപ്പ് വരുത്തി ഹിന്ദുത്വം മുറുകെ പിടിക്കുമെന്നും മുനിയമ്മ പറയുന്നു. ഭർത്താവിനും സഹോദരങ്ങൾക്കുമൊപ്പമാണ് മുനിയമ്മ തന്റെ സാമ്രാജ്യം സംരക്ഷിക്കുന്നത്. താഴെ തട്ടിലും ഇടതട്ടിലുമുള്ള സ്ത്രീകളാണ് മുനിയമ്മയുടെ സ്ഥിരം ‘ഉപഭോക്താക്കൾ’. 2012 ൽ മുനിയമ്മക്കെതിരെ ബസവനഗുഡി പോലീസ് ഒരു ചാർജ് ഹിസ്റ്ററി ഷീറ്റ് തന്നെ തുറന്നിരുന്നു.
നിരവധി കേസുകളിൽ പ്രതിയായ മുനിയമ്മ രണ്ട് പ്രാവിശ്യം പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടിട്ടുണ്ടെന്നും ഇപ്പോൾ കോടതി പരിഗണനയിലുള്ള കേസാണതെന്നും വേറെയും കേസുകൾ നടന്ന് കൊണ്ടിരിക്കുകയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. എന്തായാലും മുനിയമ്മയുടെ ശ്രീരാമസേനയിലേക്കുള്ള കടന്ന് വരവ് ഒരിക്കലും അവർക്ക് നേരെയുള്ള ചാർജ് ഹിസ്റ്ററി ഷീറ്റ് മറക്കാൻ പര്യാപ്തമല്ലെന്നാണ് പോലീസ് പറയുന്നത്.