India
മോദി സർക്കാരിനെ കുഴക്കിയ എട്ട് വിവരാവകാശ അപേക്ഷകൾ
India

മോദി സർക്കാരിനെ കുഴക്കിയ എട്ട് വിവരാവകാശ അപേക്ഷകൾ

Web Desk
|
25 Sep 2018 2:26 PM GMT

പ്രധാനമന്ത്രിയുടെ ഡിഗ്രി മുതൽ നോട്ട് നിരോധനത്തിന് ശേഷമുണ്ടായ ബാങ്ക് നിക്ഷേപങ്ങൾ വരെ നിരവധി വിവരാവകാശ അപേക്ഷകൾ നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മന്ത്രിസഭാ അംഗങ്ങളെയും ശരിക്കും വെള്ളം കുടിപ്പിച്ചിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം സമർപ്പിക്കപ്പെട്ട ചോദ്യങ്ങളിൽ മോദി സർക്കാരിനെ ഏറ്റവും കൂടുതൽ അസ്വസ്ഥപ്പെടുത്തിയ എട്ട് അപേക്ഷകളെ കുറിച്ച് വായിക്കാം.

1 . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി

ഡൽഹി യൂണിവേഴ്സിറ്റിയുടെ 1978 വർഷ ഡിഗ്രി ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പേര് വിവരങ്ങൾ ഉൾക്കൊള്ളുന്ന രജിസ്റ്റർ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിക്കാരനായ നീരജ് ശർമ്മ സമർപ്പിച്ച വിവരാവകാശ അപേക്ഷയാണ് ഒന്ന്. 1978 ൽ ഡൽഹി സർവ്വകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കി എന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ, വിവരാവകാശ അപേക്ഷക്ക് മറുപടി നല്കാൻ ഡൽഹി സർവ്വകലാശാല വിസമ്മതിച്ചതോടെ നീരജ് ശർമ്മ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ കമ്മീഷൻ സർവ്വകലാശാലയോട് ഉത്തരവിട്ടെങ്കിലും അതിനെതിരെ യൂണിവേഴ്സിറ്റി അധികൃതർ ഡൽഹി ഹൈകോടതിയെ സമീപിക്കുകയാണുണ്ടായത്.

2 , 3 , 4 . നോട്ട് നിരോധനം

  • നോട്ട് നിരോധനത്തിന് ശേഷം വിവിധ കേന്ദ്ര ജില്ലാ സഹകരണ ബാങ്കുകൾ സ്വീകരിച്ച അസാധു നോട്ടുകളുടെ കണക്ക് ആവശ്യപ്പെട്ടു കൊണ്ട് വിവരാവകാശ പ്രവർത്തകൻ മനോരഞ്ജൻ എസ് റോയ് സമർപ്പിച്ച വിവരാവകാശ അപേക്ഷയാണ് മറ്റൊന്ന്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഡയറക്ടർ ആയ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കാണ് ഏറ്റവും കൂടുതൽ അസാധു നോട്ടുകൾ സ്വീകരിച്ചത് എന്ന വിവരം പുറത്താകുന്നത് റോയ് സമർപ്പിച്ച വിവരാവകാശ അപേക്ഷ മൂലമാണ്. ബി.ജെ.പിയെ ആക്രമിക്കാൻ പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെ നരേന്ദ്ര മോദി സർക്കാർ പ്രതിരോധത്തിലായി.
  • നോട്ടു നിരോധനത്തിന് ശേഷം അസാധുവായ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളിൽ 99 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് ആർ ബി ഐ വ്യക്തമാക്കിയത് ഒരു വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ്. 2017 ജൂൺ 30 ന് വ്യാജ നോട്ടുകളുടെ എണ്ണത്തെ സംബന്ധിച്ച് വിവരമൊന്നുമില്ലെന്നും ആർ.ബി. ഐ വ്യക്തമാക്കിയിരുന്നു. ഇതോടെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നടത്തിയ അവകാശ വാദങ്ങൾ മുഴുവൻ കള്ളമാണെന്ന് തെളിഞ്ഞു.
  • പ്രധാനമന്ത്രിയുടെ ജൻ ധൻ യോജന പദ്ധതിയുടെ ഭാഗമായി തുടങ്ങിയ ബാങ്ക് അക്കൗണ്ടുകൾ വെളുപ്പിക്കാൻ ഉപയോഗിക്കുന്നു എന്ന് ഒരു വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിൽ വ്യക്തമായി. ഇങ്ങനെ തുടങ്ങിയ ഒരു അക്കൗണ്ടിൽ 93 കോടിയുടെ നിക്ഷേപം ഉള്ളതായും ഈ അപേക്ഷ കണ്ടെത്തി.

5 . ആധാർ കാർഡ്

ആധാറിന്‌ വേണ്ടി ശേഖരിച്ച പൗരന്മാരുടെ വിവരങ്ങൾ സർക്കാർ വെബ്സൈറ്റുകൾ നിയമവിരുദ്ധമായി ചോർത്തിയിരിക്കുന്നു എന്ന് 2017 നവംബറിൽ സമർപ്പിക്കപ്പെട്ട ഒരു വിവരാവകാശ അപേക്ഷയിലൂടെ വ്യക്തമായി. സ്വകാര്യതക്കുള്ള മൗലികാവകാശത്തിന്റെ പരസ്യമായ ലംഘനമായിരുന്നു ഇത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേതടക്കം 210 ൽ കൂടുതൽ വെബ്സൈറ്റുകൾ ആധാർ കാർഡുടമകളുടെ പേര് വിവരങ്ങളും ആധാർ നമ്പറുമടക്കം ചോർത്തി എന്ന് ഈ വിവരാവകാശ അപേക്ഷയിലൂടെ പുറത്തായി.

6 . നാഗാ സമാധാന ഒത്തുതീർപ്പ്

2015 ൽ കേന്ദ്ര സർക്കാർ നാഷണൽ സോഷ്യലിസ്റ്റ് കൌൺസിൽ ഓഫ് നാഗാലാൻഡുമായി ഉണ്ടാക്കിയ സമാധാന ഒത്തുതീർപ്പിന്റെ വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് വിവരാവകാശ പ്രവർത്തകൻ വെങ്കടേഷ് നായക് സമർപ്പിച്ച വിവരാവകാശ അപേക്ഷയാണ് മറ്റൊന്ന്. സർക്കാരിന്റെ ദൂതന് നൽകിയ പണത്തിന്റെയും സോഷ്യലിസ്റ്റ് കൌൺസിൽ ഓഫ് നാഗാലാ‌ൻഡ് പ്രതിനിധികൾക്ക് യാത്രയും താമസവും ഒരുക്കാൻ ചിലവാക്കിയ പണത്തിന്റെയും കണക്ക് ലഭ്യമാക്കണമെന്ന് വെങ്കടേഷ് അപേക്ഷയിൽ ആവശ്യപ്പെട്ടു. ദേശീയ വിവരാവകാശ കമ്മീഷന്റെ അടുത്തെത്തിയ അപേക്ഷ 'രാജ്യത്തിന്റെ പരമാധികാരം' 'സുരക്ഷ' 'വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാനാന്തരീക്ഷം' എന്നീ കാരണങ്ങൾ പറഞ്ഞ് തള്ളിക്കളയുകയായിരുന്നു.

7 . പാചക വാതക കണക്ഷനുകൾ

കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ പ്രധാൻ മന്ത്രി ഉജ്ജ്വല യോജനക്ക് കീഴിൽ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു പാചക വാതക കണക്ഷൻ പോലും ലഭ്യമാക്കിയിട്ടില്ല എന്ന് 2017 മെയ് മാസത്തിൽ സമർപ്പിക്കപ്പെട്ട ഒരു വിവരാവകാശ അപേക്ഷയിലൂടെ വ്യക്തമായി. അരുണാചൽപ്രദേശ്, മേഘാലയ, മിസോറം, നാഗാലാ‌ൻഡ്, ത്രിപുര, സിക്കിം തുടങ്ങിയ സംസ്ഥാങ്ങളിൽ 2017 മെയ് 8 വരെ ഒരു കുടുംബത്തിന് പോലും ഈ പദ്ധതിപ്രകാരം പാചക വാതകം ലഭ്യമാക്കിയിട്ടില്ല എന്ന് വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിൽ പറയുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസമിലും മണിപ്പൂരിലും അഞ്ചും ഇരുപത്തഞ്ചും വീതം കണക്ഷനുകൾ മാത്രം ലഭ്യമാക്കിയതായും അപേക്ഷക്കുള്ള മറുപടിയിൽ വ്യക്തമായി.

8 . ആയുഷ് മന്ത്രാലയം

മോദി സർക്കാരിനെ ഏറ്റവും കൂടുതൽ അസ്വസ്ഥപ്പെടുത്തിയ എട്ടാമത്തെ വിവരാവകാശ അപേക്ഷ ആയുഷ് മന്ത്രാലയവുമായി ബന്ധപ്പെട്ടതാണ്. അന്താരാഷ്ട്ര യോഗ ദിനത്തിന് വേണ്ടി മുസ്‌ലിം ചെറുപ്പക്കാരെ പരിശീലകരായി നിയമിക്കുന്നതിനോട് ആയുഷ് മന്ത്രാലയത്തിന് എതിർപ്പുണ്ട് എന്ന് 2015 ൽ സമർപ്പിക്കപ്പെട്ട ഒരു വിവരാവകാശ അപേക്ഷയിലൂടെ വ്യക്തമായി. സർക്കാരിന്റെ നയങ്ങൾക്ക് എതിരാണ് എന്ന് പറഞ്ഞായിരുന്നു ആയുഷ് മന്ത്രാലയത്തിന്റെ നടപടി. യോഗ പരിശീലകർക്കുള്ള ജോലിക്കായി അപേക്ഷിച്ച 3,841 മുസ്‌ലിം ഉദ്യോഗാർത്ഥികളിൽ ഒരാളെ പോലും നിയമിച്ചിട്ടില്ല എന്നും അപേക്ഷക്കുള്ള മറുപടിയിൽ മന്ത്രാലയം വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ ഇതേ തസ്തികയിലേക്ക് അപേക്ഷിച്ച 711 മുസ്‌ലിം യോഗ പരിശീലകർക്കും അഭിമുഖത്തിന് ക്ഷണം ലഭിച്ചില്ല. 2015 ഒക്ടോബറിലാണ് ആയുഷ് മന്ത്രാലയം വിവരാവകാശ അപേക്ഷക്ക് മറുപടി നൽകിയത്.

Similar Posts