India
ബാങ്ക് അക്കൌണ്ടിനും സിംകാര്‍ഡിനും ആധാര്‍ വേണ്ട; പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം
India

ബാങ്ക് അക്കൌണ്ടിനും സിംകാര്‍ഡിനും ആധാര്‍ വേണ്ട; പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം

Web Desk
|
26 Sep 2018 7:21 AM GMT

സ്വകാര്യ കമ്പനി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന സെക്ഷന്‍ 157 റദ്ദാക്കി. എന്നാല്‍ പാന്‍കാര്‍ഡിനായി ആധാര്‍ രേഖ ആവശ്യമായി വരും.

മറ്റു തിരിച്ചറിയല്‍ രേഖകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഏകീകൃത തിരിച്ചറിയല്‍ രേഖയായാണ് ആധാറിനെ കോടതി നിരീക്ഷിച്ചത്. ആധാര്‍ ശരിവെച്ചതിനൊപ്പം നിര്‍ണായകമായ നിബന്ധനകളും സുപ്രീം കോടതി മുന്നോട്ട് വെച്ചു. മൊബൈല്‍ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൌണ്ട്, സ്കൂള്‍ പ്രവേശനം എന്നിവക്ക് ആധാര്‍ വേണ്ടെന്ന് വ്യക്തമാക്കിയ കോടതി സ്വകാര്യ കമ്പനി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന സെക്ഷന്‍ 157 റദ്ദാക്കി. എന്നാല്‍ പാന്‍കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കണം.

മൊബൈലുമായി ആധാര്‍ ബന്ധിപ്പിക്കരുത്. അത് ഭരണഘടനാ വിരുദ്ധമാണ്. ബാങ്ക് അക്കൌണ്ടുമായും ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ല. ഒരാള്‍ അക്കൌണ്ട് തുടങ്ങുമ്പോള്‍ തന്നെ സംശയത്തോടെ കാണാനാകില്ല. എന്നാല്‍ പാന്‍കാര്‍ഡിനും ആദായ നികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധമാക്കാം. ഇത് സംബന്ധിച്ച ആദായ നികുതി നിയമത്തിലെ 139എഎ വകുപ്പ് കോടതി ശരിവെച്ചു. യുജിസി, സിബിഎസ്ഇ തുടങ്ങിയവക്ക് കീഴിലെ പ്രവേശനങ്ങള്‍ക്കും മറ്റു സ്കൂള്‍ പ്രവേശനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കോടതി പറഞ്ഞു.

വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്നതൊന്നും ആധാര്‍ നിയമത്തിലില്ലെന്നും കോടതി നിരീക്ഷിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കരുതെന്ന് സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. ആധാര്‍ വിവര സംരക്ഷണത്തിന് കേന്ദ്രം അടിയന്തരമായി നിയമനിര്‍മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയുടെ ഭാഗമായി ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താമെന്ന ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33(1)ഉം കോടതി റദ്ദാക്കി.

Similar Posts