India
ആധാറിന് നിയന്ത്രിത അംഗീകാരം; സ്വകാര്യ കമ്പനികള്‍ക്ക് വിവരങ്ങള്‍ നല്‍കേണ്ടതില്ലമൂന്നു വര്‍ഷം ആധാര്‍ ഉപയോഗിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും ?
India

ആധാറിന് നിയന്ത്രിത അംഗീകാരം; സ്വകാര്യ കമ്പനികള്‍ക്ക് വിവരങ്ങള്‍ നല്‍കേണ്ടതില്ല

Web Desk
|
26 Sep 2018 7:15 AM GMT

ഏകീകൃതമായതിനാല്‍ വ്യാജ ആധാര്‍ ഉണ്ടാക്കാനാകില്ല. ചുരുക്കം ബയോമെട്രിക് ഡാറ്റ മാത്രമാണ് ആധാറിന് ആവശ്യം. അതേസമയം സ്വകാര്യ കമ്പനി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന സെക്ഷന്‍ 157 കോടതി റദ്ദാക്കി.

കടുത്ത നിയന്ത്രണങ്ങളോടെ ആധാറിന് അംഗീകാരം നല്‍കി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചു. മൊബൈല്‍ നമ്പറുമായും ബാങ്ക് അക്കൌണ്ടുമായും ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള സംവിധാനം നിലവിലുണ്ടെന്നും ജസ്റ്റിസ് എ.കെ സിക്രി വിധിയില്‍ പറഞ്ഞു.

ആധാര്‍ ശരിവെച്ചതിനൊപ്പം നിര്‍ണായകമായ നിബന്ധനകളും സുപ്രീം കോടതി മുന്നോട്ട് വെച്ചു. മൊബൈലുമായി ആധാര്‍ ബന്ധിപ്പിക്കരുത്. അത് ഭരണഘടനാ വിരുദ്ധമാണ്. ബാങ്ക് അക്കൌണ്ടുമായും ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ല. ഒരാള്‍ അക്കൌണ്ട് തുടങ്ങുമ്പോള്‍ തന്നെ സംശയത്തോടെ കാണാനാകില്ല. എന്നാല്‍ പാന്‍കാര്‍ഡിനും ആദായ നികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധമാക്കാം. ഇത് സംബന്ധിച്ച ആദായ നികുതി നിയമത്തിലെ 139എഎ വകുപ്പ് കോടതി ശരിവെച്ചു.

യുജിസി, സിബിഎസ്ഇ തുടങ്ങിയവക്ക് കീഴിലെ പ്രവേശനങ്ങള്‍ക്കും മറ്റു സ്കൂള്‍ പ്രവേശനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കോടതി പറഞ്ഞു. ആധാറിന് ആവശ്യമായ സംരക്ഷണ സംവിധാനങ്ങള്‍ രാജ്യത്ത് നിലവിലുണ്ട്. ആധാര്‍ ഏകീകൃത സ്വഭാവമുള്ളതാണ്. അതുകൊണ്ട് തന്നെ വ്യാജ ആധാറുണ്ടാക്കാനാകില്ല. സമൂഹത്തില്‍ പാര്‍ശ്വവ്തകരിക്കപ്പെട്ടവര്‍ക്ക് കൂടി ആധാര്‍ തിരിച്ചറിയലിന് വഴിയൊരുക്കുന്നുവെന്നും ശാക്തീകരിക്കുന്നുവെന്നും ജസ്റ്റിസ് എ.കെ സിക്രി ഭൂരിപക്ഷ വിധിയില്‍ പറഞ്ഞു. ആധാര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി കടുത്ത വിമര്‍ശനങ്ങളോടെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഈ വിധിയോട് വിയോജിച്ചു.

വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്നതൊന്നും ആധാര്‍ നിയമത്തിലില്ലെന്നും കോടതി നിരീക്ഷിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കരുതെന്ന് സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. ആധാര്‍ വിവര സംരക്ഷണത്തിന് കേന്ദ്രം അടിയന്തരമായി നിയമനിര്‍മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയുടെ ഭാഗമായി ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താമെന്ന ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33 (1) കോടതി റദ്ദാക്കി. സ്വകാര്യ കമ്പനി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന സെക്ഷന്‍ 157ഉം കോടതി റദ്ദാക്കി. എന്നാല്‍ ആധാറില്ലാത്തതിനാല്‍ പൌരാവകാശം നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ആധാറിനെ ഏറ്റവും മികച്ചത് എന്ന് പറയാനാകില്ല. എന്നാല്‍ മികച്ചതായിരിക്കുന്നതിനേക്കാള്‍ ഏകീകൃതമായിരിക്കുകയാണ് നല്ലത്. ഏറ്റവും മികച്ചത് എന്നാല്‍ ഒന്നാമതാകുകയെന്നാണ്. എന്നാല്‍ ഏകീകൃതമെന്നാല്‍ ഒന്നേയൊന്ന് എന്നാണ് അര്‍ഥമെന്നും സിക്രി വ്യക്തമാക്കി.

Related Tags :
Similar Posts