India
ആരോഗ്യ ഇൻഷുറൻസ്: മോദി പറയാത്തതെന്ത്?
India

ആരോഗ്യ ഇൻഷുറൻസ്: മോദി പറയാത്തതെന്ത്?

ജീന്‍ ഡ്രേസ്
|
26 Sep 2018 8:05 AM GMT

‘ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി’’ എന്ന് കെട്ടിഘോഷിക്കപ്പെടുന്ന പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ യാഥാർത്ഥ്യമെന്താണ്? പ്രഗൽഭ സാമ്പത്തിക വിദഗ്ധനായ ജീൻ ഡ്രേസ് എഴുതുന്നു

വാക്കുകൾ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ ഏറെ പ്രാവീണ്യം നേടിയ വ്യക്തിയാണ് നമ്മുടെ പ്രധാനമന്ത്രി. എന്നാൽ മുൻപ് പറഞ്ഞ പല നുണകളെയും നിഷ്പ്രഭമാക്കുന്ന അവകാശവാദമാണ് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പി.എം.ജെ.എ.വൈ)യുടെ പ്രഖ്യാപനത്തിലൂടെ അദ്ദേഹം നടത്തിയിരിക്കുന്നത്. കാര്യമായ യാതൊരു സാമ്പത്തിക നിക്ഷേപവും ഇല്ലെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി എന്നാണ് മോദി അതിനെ വിശേഷിപ്പിക്കുന്നത്.

‘ആയുഷ്മാൻ ഭാരത്’ എന്ന മോദിയുടെ ആരോഗ്യ പദ്ധതിക്ക് കീഴിലെ രണ്ട് അംശങ്ങളിൽ ഒന്നാണ് പി.എം.ജെ.എ.വൈ. രാജ്യത്ത് 1,50,000 ‘ആരോഗ്യ ക്ഷേമ കേന്ദ്രങ്ങൾ’ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ രണ്ടാം ഭാഗം. 2018-19ൽ ഈ കേന്ദ്രങ്ങൾക്ക് വേണ്ടി 1200 കോടി രൂപയാണ് ധനമന്ത്രി നീക്കിവെച്ചിരിക്കുന്നത്. അതായത് ഓരോ കേന്ദ്രത്തിനും 80,000 രൂപ. പഴയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് പെയിൻറടിച്ച് അതിനു പുതിയ പേര് നൽകിയാൽ ആ പദ്ധതിക്ക് ശുഭപര്യവസാനമായി.

പി.എം.ജെ.എ.വൈയ്ക്ക് വേണ്ടി 2018-19ൽ നീക്കിവെച്ചിരിക്കുന്നത് വെറും 2000 കോടി രൂപയാണ്. പി.എം.ജെ.എ.വൈയുടെ മുൻഗാമിയായ രാഷ്ട്രീയ സ്വാസ്ത്യ ഭീമാ യോജനയ്ക്ക് കഴിഞ്ഞ വർഷം ലഭിച്ച 1000 കോടി രൂപയുമായി വലിയ അന്തരമൊന്നും ഇതിനില്ല. രാഷ്ട്രീയ സ്വാസ്ത്യ ഭീമാ യോജന ഇപ്പോൾ പി.എം.ജെ.എ.വൈയുടെ ഭാഗമാണ്. അതായത് പുതിയ പദ്ധതിക്കു വേണ്ടി കുറേയൊന്നും തുക അധികമായി ഇറക്കിയിട്ടില്ല.

ഈ വർഷം ചികിത്സാ ചെലവിനു ലഭിക്കാൻ പോവുന്ന തുക 200 രൂപയാണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? ഇൻഷുറൻസ് പ്രീമിയത്തിൽ പണം നിക്ഷേപിക്കുന്നതിലൂടെ പണം അധികരിക്കും എന്ന തെറ്റായ ഒരു തോന്നൽ ആളുകൾക്കിടയിലുണ്ട്.

പത്ത് കോടി കുടുംബങ്ങൾക്ക് (ഏകദേശം 50 കോടി ജനങ്ങൾ) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് സുരക്ഷ നൽകുമെന്നാണ് സർക്കാരിന്റെ വാദം. ഇതിന് സത്യത്തിൽ സർക്കാർ എത്രയാണ് ചെലവാക്കേണ്ടി വരിക? തങ്ങൾക്ക് കിട്ടേണ്ട 5 ലക്ഷം രൂപയുടെ ഒരു ശതമാനമെങ്കിലും ഗുണഭോക്താക്കൾ ഉപയോഗിക്കാൻ തീരുമാനിച്ചാൽ തന്നെ വാർഷിക ചെലവ് 50,000 കോടി രൂപയോളം വരും. ഇത് വളരെ ഉദാരമായ ഒരു ഊഹമാണ്. ഇൻഷുറൻസ് അവകാശപ്പെടാൻ വലിയ തടസ്സങ്ങളില്ലെങ്കിൽ ഓരോ വർഷത്തെയും ചെലവ് ഇതിന്റെ ഇരട്ടിയെങ്കിലും വരും.

വരും വർഷങ്ങളിൽ പി.എം.ജെ.എ.വൈയിലേക്കുള്ള തുക 10,000 കോടി രൂപ വരെ ഉയരാം എന്നാണ് നീതി ആയോഗിന്റെ കണക്കുകൂട്ടൽ. എന്നാൽ പോലും 10 കോടി ജനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകാൻ ആവശ്യമായ തുകയുടെ ഒരംശം പോലുമാവില്ല ഇത്. ഓരോ കുടുംബത്തിനും 1000 രൂപയാണ് ഇവിടെ ലഭിക്കുന്നത്. അതായത് ഒരു വർഷത്തേക്ക് ഒരാൾക്ക് ലഭിക്കുന്ന ആരോഗ്യ പരിരക്ഷ വെറും 200 രൂപ.

ഈ വർഷം ചികിത്സാ ചെലവിനു ലഭിക്കാൻ പോവുന്ന തുക 200 രൂപയാണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? ഇൻഷുറൻസ് പ്രീമിയത്തിൽ പണം നിക്ഷേപിക്കുന്നതിലൂടെ പണം അധികരിക്കും എന്ന തെറ്റായ ഒരു തോന്നൽ ആളുകൾക്കിടയിലുണ്ട്. അത്യാവശ്യക്കാർക്ക് പണം ഒരുമിച്ച് എടുക്കാൻ സാധിക്കുന്ന രൂപത്തിൽ പണം വിതരണം ചെയ്യുമെന്നല്ലാതെ അടിസ്ഥാനപരമായി ലഭിക്കാൻ പോവുന്ന ഈ 200 രൂപ വർദ്ധിപ്പിക്കാൻ ഇൻഷുറൻസ് പദ്ധതികൾക്ക് സാധിക്കില്ല. സർക്കാർ ചെലവാക്കാൻ പോവുന്നത് 200 രൂപയാണെങ്കിൽ ജനങ്ങൾക്ക് കിട്ടാൻ പോവുന്നതും അതു തന്നെയാണ്. പണം കൈമാറുന്നതിന് അധിക ചെലവ് വരുമെങ്കിൽ തുക ഇതിലും കുറയും.

എന്നിട്ടും “സർക്കാർ ചെലവിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് പദ്ധതി”യായാണ് പി.എം.ജെ.എ.വൈ കൊട്ടിഘോഷിക്കപ്പെടുന്നത്. 50 കോടി ജനങ്ങൾ ഗുണഭോക്താക്കളാണെങ്കിലും പ്രതിശീർഷ ചെലവ് ഇവിടെ വളരെ വളരെ തുച്ചമാണ്. രാജ്യത്തെ എല്ലാ ജനങ്ങളും ഗുണഭോക്താക്കളായിരിക്കുന്ന ചൈനീസ് സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോൾ 50 കോടി എന്ന സംഖ്യയും അത്ര വിസ്മയകരമല്ല. പ്രതിശീർഷ ചെലവു നോക്കിയാൽ ഇന്ത്യയേക്കാൾ അഞ്ചിരട്ടിയാണ് ചൈനീസ് സർക്കാർ ചെലവാക്കുന്നത്.

ആരോഗ്യസുരക്ഷ മനസ്സിൽ കണ്ടു കൊണ്ട് വിഭാവന ചെയ്ത ഒരു പദ്ധതിയായി ഇപ്പോഴത്തെ അവസ്ഥയിൽ പി.എം.ജെ.എ.വൈയെ ഒരിക്കലും കാണാൻ സാധിക്കില്ല. പകരം വലിയൊരു വിഭാഗം ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് ചോർത്തി നൽകാനുള്ള ഒരു പദ്ധതിയാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നതെന്ന സംശയമാണ് നാഷണൽ ഹെൽത്ത് സ്റ്റാക്ക് രേഖകൾ പരിശോധിച്ചാൽ ഉണ്ടാവുന്നത്. സർക്കാർ പദ്ധതികൾ ഉപയോഗിച്ച് വ്യക്തി വിവരങ്ങൾ കൈപറ്റുകയും അതുപയോഗിച്ച് ലാഭകരമായ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുകയും ചെയുന്ന പുതിയകാല കച്ചവട തന്ത്രത്തിന്റെ മറ്റൊരുദാഹരണമാണ് ഇവിടെ നടക്കാൻ പോവുന്നത്. ആരോഗ്യ പരിരക്ഷ ലഭിക്കുന്ന ആളുകളുടെ എണ്ണം കൂട്ടുകയും പ്രതിശീർഷാ ചെലവ് ചുരുക്കുകയും ചെയ്യുന്നതിലൂടെ ഈ ലക്ഷ്യം ഭംഗിയായി നിറവേറ്റപ്പെടും. കൂടുതൽ ആളുകളിലേക്ക് പദ്ധതി എത്തിക്കുന്നത് കൂടുതൽ വോട്ടുകൾ നേടാനും സഹായിക്കും എന്നത് മറ്റൊരു വസ്തുത.

രാജ്യത്തെ എല്ലാ ജനങ്ങളും ഗുണഭോക്താക്കളായിരിക്കുന്ന ചൈനീസ് സർക്കാരിൻറെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോൾ 50 കോടി എന്ന സംഖ്യയും അത്ര വിസ്മയകരമല്ല. പ്രതിശീർഷ ചെലവു നോക്കിയാൽ ഇന്ത്യയേക്കാൾ അഞ്ചിരട്ടിയാണ് ചൈനീസ് സർക്കാർ ചെലവാക്കുന്നത്.

പൂർണ ആരോഗ്യ പരിരക്ഷ (Universal Health Coverage) എന്ന മഹത്തായ ഉദ്ദേശത്തെ നിസ്സാരവത്കരിക്കുന്ന ഒരു നീക്കമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്ക ഒഴികെ ഓർഗനൈസേഷൻ ഫോർ എകണോമിക് കോപറേഷൻ (ഒ.ഇ.സി.ഡി)യിലെ 35 രാജ്യങ്ങളിലും പൂർണ ആരോഗ്യ പരിരക്ഷ നിലവിലുണ്ട്. ഈ സമ്പന്ന രാജ്യങ്ങൾക്ക് പുറമെ ബ്രസീൽ, മെക്സികോ, ശ്രീലങ്ക, തായിലാൻറ് തുടങ്ങിയ വികസ്വര രാജ്യങ്ങളിലും ഈ സിദ്ധാന്തം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ലോകത്തിലെ മറ്റു പല രാജ്യങ്ങളും അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ ഇന്ത്യ ഈ വിഷയത്തിൽ ഗൌരവകരമായ നടപടികൾ എടുക്കുകയോ ചർച്ചകൾ ആരംഭിക്കുകയോ ചെയ്തിട്ടില്ല. ഇന്നത്തെ രൂപത്തിലുള്ള പി.എം.ജെ.എ.വൈ നാളെ ഉപകാരപ്രദമായ ഒരു പദ്ധതിയിലേക്ക് മാറിയേക്കാം. എങ്കിലും പ്രാഥമിക തലത്തിലെ ആരോഗ്യ സംവിധാനങ്ങളെ പൂർണമായും പുതുക്കിപ്പണിയാതെ അങ്ങനെയൊരു രൂപമാറ്റം സാധിക്കുമെന്ന് കരുതാനാവില്ല.

Similar Posts