‘4 വര്‍ഷം കൊണ്ട് 35 വിമാനത്താവളങ്ങളെന്ന് മോദി’; ഒരു കള്ളം കൂടി പൊളിഞ്ഞു, നിര്‍മ്മിച്ചത് വെറും 7 എണ്ണം
|യഥാര്‍ത്ഥ കണക്കുകള്‍ പ്രകാരം പ്രധാനമന്ത്രിയുടെ വാക്കുകള്‍ കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം രാജ്യത്ത് 35 വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ചുവെന്നായിരുന്നു സിക്കിം വിമാനത്താവളം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ പ്രകാരം പ്രധാനമന്ത്രിയുടെ വാക്കുകള്‍ കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
''രാജ്യത്ത് ഇപ്പോള്‍ 100 വിമാനത്താവളങ്ങളാണ് ഉള്ളത്. ഇതില്‍ 35 വിമാനങ്ങളും കഴിഞ്ഞ 4 വര്‍ഷം കൊണ്ട് ഉദ്ഘാടനം ചെയ്തതാണ്. 67 വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ 2014 വരെ നിര്‍മ്മിച്ചത് 65 വിമാനത്താവളങ്ങളാണ്. ഒരുവര്‍ഷം ശരാശരി ഒരു വിമാനത്താവളം എന്ന കണക്കില്‍. എന്നാല്‍ കഴിഞ്ഞ 4 വര്‍ഷത്തെ കണക്ക് പ്രകാരം ഒരു വര്‍ഷം ശരാശരി 9 വിമാനത്താവളങ്ങളാണ് നിര്‍മ്മിച്ചത്.'' ഇതായിരുന്നു മോദിയുടെ അവകാശവാദം.
എന്നാല്‍ രാജ്യത്ത് വ്യോമമേഖലയുമായി ബന്ധപ്പെട്ട നിര്‍മ്മാണങ്ങള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദിത്വം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ്. 2017-18ലെ വാര്‍ഷിക കണക്ക് പ്രകാരം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ളത് 129 വിമാനത്താവളങ്ങളാണ്. ഇവയില്‍ 101 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനസജ്ജവും 28 എണ്ണം പൂര്‍ണ്ണ പ്രവര്ത്തനസജ്ജമല്ലാത്തതുമാണ്.
2014 ഡിസംബര്‍ വരെ രാജ്യത്തെ വിമാനത്താവളങ്ങുടെ എണ്ണം 125 ആണെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കുന്നത്. 2014 ഡിസംബര്‍ 1 വരെ ഇവയില്‍ 94 വിമാനത്താവളങ്ങളും/ സിവില്‍ എന്‍ക്ലേവ്സും പ്രവര്‍ത്തനസജ്ജവും 31 വിമാനത്താവളങ്ങളും/ സിവില്‍ എന്‍ക്ലേവ്സും പൂര്‍ണ്ണപ്രവര്‍ത്തനസജ്ജമല്ലാത്തതുമാണ്.
അതായത് 2014-18 കാലയളവില്‍ രാജ്യത്തെ പ്രവര്‍ത്തനസജ്ജമായ വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ചത് 7 എണ്ണം മാത്രമാണ്. പ്രധാനമന്ത്രി പറഞ്ഞ 35 വിമാനത്താവളങ്ങള്‍ എന്ന അവകാശവാദം തെറ്റാണെന്ന് ഇത് വ്യക്തമാക്കുന്നു.
4500 അടി ഉയരമുള്ള മലമുകളില്‍ 201 ഏക്കറിലായാണ് പക്യോംഗ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 1.75 കി.മി നീളമുള്ള റണ്‍വേയുടെ ഇരുവശങ്ങളും താഴ്വാരത്താല് ചുറ്റപ്പെട്ട് കിടക്കുന്നു. നൂറ് പേരെ ഉള്‍ക്കൊള്ളാവുന്ന വിമാനത്താവളമാണ് സിക്കിമിലേത്. 2008ലെ യു.പി.എ സര്‍ക്കാരാണ് സിക്കിമിലെ വിമാനത്താവളത്തിന് അനുമതി നല്‍കിയത്. വിമാനത്താവളത്തിന്റെ 83 ശതമാനം ജോലികളും 2014 ജൂലൈയില്‍ തന്നെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ 2016 ല്‍ നിലവില്‍ വന്ന ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് വിമാനത്താവളം പ്രവര്‍ത്തനസജ്ജമായത്.