India
റഫാല്‍ വിമാന ഇടപാടിന് വേണ്ടി വിയോജന കുറിപ്പില്‍ മാറ്റം വരുത്തി: കേന്ദ്ര സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി കൂടുതല്‍ തെളിവുകള്‍
India

റഫാല്‍ വിമാന ഇടപാടിന് വേണ്ടി വിയോജന കുറിപ്പില്‍ മാറ്റം വരുത്തി: കേന്ദ്ര സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി കൂടുതല്‍ തെളിവുകള്‍

Web Desk
|
27 Sep 2018 6:17 AM GMT

വിമാനങ്ങളുടെ വിലയില്‍ വിയോജിക്കുന്ന പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്റെ കുറിപ്പ് സി.എ.ജിക്ക് കൈമാറി

റഫാല്‍ കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ വിയോജനക്കുറിപ്പ് മറികടന്ന്. യു.പി.എ സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ വിലയാണ് 36 വിമാനങ്ങള്‍ക്ക് നല്‍കുന്നതെന്ന് അക്യുസിഷന്‍ മാനേജര്‍ കൂടിയായ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വിയോജനക്കുറിപ്പില്‍ പറയുന്നു. വിയോജനക്കുറിപ്പ് നിലവില്‍ സി.എ.ജിയുടെ പരിഗണനയിലാണ്.

യു.പി.എ സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ വിലക്കാണ് മോദി സര്‍ക്കാര്‍ 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രഞ്ച് സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടതെന്ന ആരോണങ്ങളെ ശരിവെക്കുന്നതാണ് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ വിയോജനക്കുറിപ്പ്. പ്രതിരോധ ഇടപാടുകളില്‍ വില സംബന്ധമായ ചര്‍ച്ചകള്‍ നയിക്കുന്ന കോണ്‍ട്രാക്റ്റ് നെഗോസിയേഷന്‍ കമ്മറ്റി അംഗവും, പ്രതിരോധ മന്ത്രാലയത്തിലെ അക്യുസിഷന്‍ മാനേജര്‍ കൂടിയാണ് ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന്‍.

റഫാല്‍ കരാറില്‍ ഒപ്പ് വെക്കുന്നതിന് ഒരു മാസം മുമ്പ് നല്‍കിയ വിയോജനക്കുറിപ്പില്‍ മുന്‍ കരാറിലേതിനേക്കാള്‍ കൂടിയ വിലയാണ് പുതിയ കരാറിലുള്ളതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടിയ വിലക്കുള്ള റഫാല്‍ കരാറിനേക്കാള്‍ നല്ലത്, 20 ശതമാനം ഡിസ്ക്കൌണ്ട് വാഗ്ദാനം ചെയ്ത ജര്‍മ്മന്‍ കമ്പനിയുടെ യുറോഫൈറ്റര്‍ വാങ്ങലാണെന്നും, അല്ലെങ്കില്‍ റഷ്യന്‍ നിര്‍മ്മിത സുഖോയ് വിമാനങ്ങള്‍ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറനോട്ടിക്കല്‍ ലിമിറ്റഡ് വഴി കുറഞ്ഞ വിലക്ക് നിര്‍മ്മിക്കാമെന്നും വിയോജനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരിക്കറിന്റെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് അക്യുസിഷന്‍ കൌണ്‍സില്‍ വിയോജനക്കുറിപ്പ് പരിഗണിച്ചെങ്കിലും അക്യൂസിഷന്‍ ഡയറക്ടര്‍ ജനറല്‍ വിയോജനക്കുറിപ്പ് തള്ളുകയായിരുന്നു. തുടര്‍ന്ന് ഈ ഉദ്യോഗസ്ഥന്‍ ഒരു മാസം അവധിയില്‍ പ്രവേശിച്ചു. ഈ സമയത്ത് അക്യുസിഷന്‍ മാനേജറിന്റെ ചുമതല വഹിച്ച മറ്റൊരു ഉദ്യോഗസ്ഥന്‍ പുതിയ നോട്ട് തയ്യാറാക്കുകയും അത് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥന്റെ വിയോജനക്കുറിപ്പ് നിലവില്‍ സി.എ.ജിയുടെ പരിഗണനയിലാണെന്നാണ് വിവരം.

Related Tags :
Similar Posts