India
അധ്യാപകന്‍ ദേശദ്രോഹിയെന്ന് എ.ബി.വി.പി‍; വിദ്യാര്‍ത്ഥികളുടെ കാലുപിടിച്ച് അധ്യാപകന്‍; വീഡിയോ വൈറല്‍
India

അധ്യാപകന്‍ ദേശദ്രോഹിയെന്ന് എ.ബി.വി.പി‍; വിദ്യാര്‍ത്ഥികളുടെ കാലുപിടിച്ച് അധ്യാപകന്‍; വീഡിയോ വൈറല്‍

Web Desk
|
27 Sep 2018 12:16 PM GMT

പ്രൊഫസറായ ദിനേഷ് ഗുപ്തയാണ് വിദ്യാര്‍ത്ഥികളുടെ കാലുപിടിച്ചത്. അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ കാലുപിടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മന്ദ്‌സൗറിലെ സര്‍ക്കാര്‍ കോളേജില്‍ അധ്യാപകനെ രാജ്യദോഹിയെന്ന് വിളിച്ച് എ.ബി.വി.പി വിദ്യാര്‍ത്ഥികളുടെ ആക്ഷേപം‍. ഇതോടെ വിദ്യാര്‍ത്ഥികളുടെ കാലുപിടിച്ച് അധ്യാപകന്‍. പ്രൊഫസറായ ദിനേഷ് ഗുപ്തയാണ് വിദ്യാര്‍ത്ഥികളുടെ കാലുപിടിച്ചത്. അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ കാലുപിടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കോളേജില്‍ നാലാം സെമസ്റ്റര്‍ പരീക്ഷക്കുള്ള വിജ്ഞാപനം വൈകുന്നുവെന്നാരോപിച്ച് കോളേജ് പ്രിന്‍സിപ്പലിനെ ഘൊരാവോ ചെയ്യുകയായിരുന്നു എ.ബി.വി.പി‍. ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രിന്‍സിപ്പലിന്റെ മുറിക്ക് പുറത്തിരുന്നായിരുന്നു പ്രതിഷേധം. കോളേജിലെ പ്രൊഫസറായ ദിനേഷ് ഗുപ്ത വിദ്യാര്‍ത്ഥികളോട് ശബ്ദം കുറക്കണമെന്ന് ആവശ്യപ്പെട്ടു.

ഇതോടെ തങ്ങള്‍ വന്ദേമാതരം എന്നും ഭാരത് മാതാ കീ ജയ് എന്നും മുദ്രാവാക്യം വിളിക്കുന്നത് അധ്യാപകന്‍ തടഞ്ഞെന്നും അദ്ദേഹം ദേശവിരുദ്ധനാണെന്നുമായി എ.ബി.വി.പി. പ്രൊഫസര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട എ.ബി.വി.പി പ്രവര്‍ത്തകര്‍ അധ്യാപകനെതിരെ കേസ് നല്‍കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഓരോ വിദ്യാര്‍ത്ഥിയുടേയും പിറകെ നടന്ന് അധ്യാപകന്‍ കാലുപിടിക്കാനാരംഭിച്ചു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. സംഭവത്തിന് ശേഷം മൂന്ന് ദിവസത്തെ ലീവിന് അപേക്ഷിച്ചിരിക്കുകയാണ് അധ്യാപകന്‍.

എന്നാല്‍ എ.ബി.വി.പിക്കാരെ ന്യായീകരിച്ച് മന്ദ്‌സൗര്‍ എം.എല്‍.എ യഷ്പാല്‍ സിസോദിയ രംഗത്തെത്തി. സംഭവം വലിയ കാര്യമല്ലെന്നും കാലുപിടിക്കാനോ മാപ്പുപറയാനോ എ.ബി.വി.പി വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടില്ലെന്നുമാണ് എം.എല്‍.എയുടെ വിശദീകരണം.

Similar Posts