India
അഖ്‍ലാഖ് കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം; ഇനിയും നിശബ്ദയായിരിക്കില്ലെന്ന് മകള്‍ 
India

അഖ്‍ലാഖ് കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം; ഇനിയും നിശബ്ദയായിരിക്കില്ലെന്ന് മകള്‍ 

ബൃന്ദ കാരാട്ട്
|
28 Sep 2018 4:13 PM GMT

കൊല നടന്ന് മൂന്ന് വര്‍ഷമായിട്ടും നീതി അകലെയാണ്. പിടികൂടിയ 18 പ്രതികളും ജാമ്യത്തിലിറങ്ങി. അഖ്‍ലാഖിന്റെ വീട് അടഞ്ഞുകിടക്കുന്നു. ആ കുടുംബത്തിന് ആ ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നു

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‍ലാഖെന്ന മധ്യവയസ്കനെ പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നിട്ട് ഇന്നേയ്ക്ക് മൂന്ന് വര്‍ഷമായി. ആക്രമണത്തില്‍ അഖ്‍ലാഖിന്റെ മകന്‍ ഡാനിഷിന് ഗുരുതരമായി പരിക്കേറ്റു. കൊലയും ആക്രമവും നടന്ന് മൂന്ന് വര്‍ഷമായിട്ടും നീതി അകലെയാണ്. പിടികൂടിയ 18 പ്രതികളും ജാമ്യത്തിലിറങ്ങി. അഖ്‍ലാഖിന്റെ വീട് അടഞ്ഞുകിടക്കുന്നു. ആ കുടുംബത്തിന് ആ ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നു. ആ കുടുംബത്തിന് നീതി ഉറപ്പാക്കിയില്ലെന്ന് മാത്രമല്ല അഖ്‍ലാഖിന്റെ കൌമാരക്കാരിയായ മകളെ ഉള്‍പ്പെടെ പശുവിനെ കൊന്നെന്ന കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. ആ കേസ് കുടുംബത്തിന് മീതെ വാള്‍ പോലെ തൂങ്ങിക്കിടക്കുകയാണ്.

മോദി സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയ ആള്‍ക്കൂട്ട കൊലപാതക മാതൃകയുടെ തുടക്കമായിരുന്നു അഖ്‍ലാഖ് കൊലപാതകം. മോദി പ്രധാനമന്ത്രിയായ 2014 മുതല്‍ 2018 മാര്‍ച്ച് വരെ ഇത്തരത്തിലുള്ള 80 സംഭവങ്ങളിലായി 45 പേരാണ് കൊല്ലപ്പെട്ടത്. വിദ്വേഷ ആക്രമണങ്ങള്‍ക്ക് ശിക്ഷ വിധിക്കാന്‍ പ്രത്യേക നിയമങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത്തരം ആക്രമണങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക രേഖകള്‍ ലഭ്യമല്ല. അഖ്‍ലാഖിന് സംഭവിച്ചത് പലരുടെയും കാര്യത്തില്‍ ആവര്‍ത്തിക്കപ്പെട്ടു.

ഒരു തരത്തിലുള്ള കേസുകളിലും പെടാതെ, അയല്‍വാസികളുമായി പോലും ഒരു തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പോകാതെ സമാധാനപരമായ ജീവിതം നയിച്ചവരാണ് പശുവിന്റെ പേരില്‍ കൊല്ലപ്പെട്ട അഖ്‍ലാഖിനെ പോലുള്ളവര്‍. പശുക്കൊലകളെ തുടര്‍ന്ന് പെട്ടെന്നുള്ള പ്രതികരണങ്ങള്‍ എന്നാണ് ഇത്തരം കൊലകള്‍ക്ക് ന്യായീകരണം ചമയ്ക്കുന്നത്. എന്നാല്‍ സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള കൃത്യമായ രാഷ്ട്രീയ അജണ്ടയുള്ള കൊലകളാണ് ഇവയെല്ലാം.

അഖ്‍ലാഖിന്റെ കൊലയാളികള്‍ നുണ പ്രചരിപ്പിക്കാന്‍ ദുരുപയോഗിച്ചത് പ്രദേശത്തെ അമ്പലമാണ്. അഖ്‍ലാഖിന്റെ വീടിന് സമീപം പശുവിനെ കൊന്നതിന്റെ അവശിഷ്ടങ്ങള്‍ കണ്ടുവെന്ന് പറയാന്‍ നാല് യുവാക്കള്‍ തന്നെ നിര്‍ബന്ധിച്ചെന്നാണ് ക്ഷേത്രത്തിലെ പൂജാരി പൊലീസിന് നല്‍കിയ മൊഴി. പ്രദേശത്തെ ഹിന്ദുക്കളോട് ഗോമാതയുടെ സംരക്ഷകരാവാന്‍ അക്രമികള്‍ ആഹ്വാനം ചെയ്തു. ആരാധനാലയത്തെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള കേന്ദ്രമാക്കി ആക്രമികള്‍ മാറ്റുകയായിരുന്നു.

1992ല്‍ ബാബരി മസ്ജിദ് പൊളിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലാകെ സംഘര്‍ഷം പടര്‍ന്നുപിടിച്ചപ്പോഴും അഖ്‍ലാഖ് ജീവിച്ചിരുന്ന ഗ്രാമത്തില്‍ വര്‍ഗീയ ലഹളയുണ്ടായിട്ടില്ല. മനുഷ്യര്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്ന, സാമുദായിക സൌഹാര്‍ദമുണ്ടായിരുന്ന ഗ്രാമമായിരുന്നു അതെന്ന് അഖ്‍ലാഖിന്റെ കുടുംബം പറയുന്നു. 2014ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അന്തരീക്ഷം മാറിത്തുടങ്ങിയത്. സംഘ്പരിവാര്‍ സാമുദായിക ധ്രുവീകരണത്തിലൂന്നിയ തെരഞ്ഞെടുപ്പ് കാമ്പെയിനാണ് ഇവിടെ നടത്തിയത്. മുസാഫര്‍ നഗര്‍ കലാപത്തിലെ കുറ്റാരോപിതരെ ഉള്‍പ്പെടെ ബി.ജെ.പി മത്സരിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ സംഘപരിവാര്‍ സാമുദായിക ധ്രുവീകരണ കാമ്പെയിനുകള്‍ ഊര്‍ജിതമാക്കി.

2015ന്റെ ആദ്യ പകുതിയില്‍ ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭ അഖിലേന്ത്യാടിസ്ഥാനത്തില്‍ ലവ് ജിഹാദ്, പശുക്കൊല കാമ്പെയിനുകള്‍ തുടങ്ങി. ഉത്തര്‍പ്രദേശില്‍ ഒരുതരം പ്രതികാരബുദ്ധിയോടെ ഈ കാമ്പെയിനുകള്‍ ശക്തിപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ മാത്രം പശുവിന്റെ പേരില്‍ ചെറുതും വലുതുമായ നൂറിലധികം ആക്രമണങ്ങള്‍ നടന്നു. പശുവിന്റെ പേരില്‍ സംഘ്പരിവാര്‍ ലക്ഷ്യം വെയ്ക്കുന്നത് മുസ്‍‍ലിംകളെയാണ്. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബി.ജെ.പി പ്രാദേശിക നേതാക്കളാണ് കാമ്പെയിന് നേതൃത്വം നല്‍കിയത്. ദാദ്രി കേസില്‍ ഏറ്റവും ആദ്യം തിരിച്ചറിയപ്പെട്ട, അറസ്റ്റ് ചെയ്യപ്പെട്ട അക്രമികളില്‍ ഒരാള്‍ സ്ഥലത്തെ ബി.ജെ.പി നേതാവിന്റെ മകനായിരുന്നു.

പ്രദേശത്തെ ബി.ജെ.പി എം.പി ദാദ്രി കൊലയെ 'അപകട'മെന്നാണ് വിശദീകരിച്ചത്. മറ്റൊരു നേതാവ് പറഞ്ഞത് 'കുട്ടികള്‍ക്ക് പറ്റിയ പിഴ'വെന്നാണ്. 'സമാധാനം നിലനിര്‍ത്തേണ്ടതിന്റെ ഉത്തവാദിത്വം എന്തുകൊണ്ട് ഹിന്ദുക്കള്‍ക്ക് മാത്രം' എന്നാണ് ഒരു രാജ്യസഭാംഗം ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയാകട്ടെ ഒന്നും പറഞ്ഞതുമില്ല. അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സംഭവത്തെ അതിശക്തമായി അപലപിച്ച ശേഷം, സംഭവം നടന്ന് പത്താം ദിവസമാണ് മോദി മൌനം വെടിഞ്ഞത്.

മുസ്‍ലിംകളെ ആക്രമിച്ച് കൊല്ലാന്‍ ഗോരക്ഷകര്‍ക്ക് എല്ലാ ഒത്താശയും നല്‍കുന്നത് ബി.ജെ.പി നേതാക്കളാണ്. അലിമുദ്ദീന്‍ അന്‍സാരി കൊലക്കേസിലെ പ്രതികളെ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ മാലയിട്ട് സ്വീകരിക്കുന്നത് നമ്മള്‍ കണ്ടു. മറ്റൊരു മന്ത്രി മഹേഷ് ശര്‍മ അഖ്‍ലാഖ് കേസിലെ പ്രതി ജയിലില്‍ വെച്ച് അസുഖബാധിതനായി മരിച്ചപ്പോള്‍ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചു. അഖ്‍ലാഖ് കേസില്‍ നീതി ഇപ്പോഴും അകലെ നില്‍ക്കാന്‍ കാരണവും അക്രമികള്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ രക്ഷാകര്‍തൃത്വമാണ്.

പശുക്കളുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ നിയമനടപടി ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴില്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ക്രിയാത്മകമായി ഇടപെട്ടിട്ടില്ല.

അഖ്ലാഖിന്റെ വീട്

പശുവിന്റെ പേരിലുള്ള അക്രമങ്ങളില്‍ കുറ്റവാളികളാരും ശിക്ഷിക്കപ്പെടുന്നില്ല. ജാര്‍ഖണ്ഡിലെ അലിമുദ്ദീന്‍ അന്‍സാരി കേസില്‍ പ്രതികള്‍ക്ക് കീഴ്കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയുണ്ടായി. എന്നാല്‍ ഹൈക്കോടതി പ്രതികളില്‍ ചിലരെ വെറുതെവിടുകയും ബാക്കിയുള്ളവര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. സമാനമായ മിക്ക കേസുകളിലും പ്രതികള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. അഖ്‍ലാഖിന്റെ കേസ് ഏറ്റെടുത്ത അഭിഭാഷകന്‍ യൂസുഫ് സെയ്ഫിയെ തേടി നിരന്തരം ഭീഷണികളെത്തുന്നു. അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു. കേസിലെ മുഖ്യസാക്ഷിയായ പൂജാരിയെ കാണാനില്ലെന്നാണ് പൊലീസ് പറയുന്നത്. നിയമത്തെയും നീതിയെയും അപഹാസ്യമാക്കുകയാണിവിടെ.

അഖ്‍ലാഖ് കൊല്ലപ്പെട്ട് മൂന്ന് വര്‍ഷമായപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം വീടില്ലാത്തവരായി. അഖ്‍ലാഖിന്റെ ഭാര്യ രോഗിയാണ്. മൂത്ത മകന് ജോലിയുള്ളതിനാല്‍ കുടുംബം പുലരുന്നു. രണ്ടാമത്തെ മകന് ജോലി വേണം. മകള്‍ക്ക് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി ഫാഷന്‍ ഡിസൈനിങ് പഠിക്കണം. അവര്‍ തളര്‍ന്നുപോകാന്‍ തയ്യാറല്ല. അഖ്‍ലാഖിന്റെ കുടുംബത്തിന് നീതി തേടി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജന്തര്‍മന്തറില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ധര്‍ണയില്‍ രണ്ട് മക്കളും പങ്കെടുത്തിരുന്നു. അവിടെ വെച്ച് ആ മകള്‍ പറഞ്ഞു: "അവരെന്റെ പിതാവിനെ കൊന്നു. ഞാന്‍ നിശബ്ദയായിരിക്കുമെന്നാണോ കരുതുന്നത്? നിങ്ങള്‍ നിശബ്ദരായിരിക്കുമോ? മൂന്ന് വര്‍ഷം മുന്‍പ് കൊല്ലപ്പെട്ടത് എന്റെ പിതാവാണെങ്കില്‍ നാളെയത് ആരുമാകാം. മനുഷ്യത്വം നഷ്ടപ്പെട്ടാല്‍ പിന്നെ ഒന്നും അവശേഷിക്കില്ല. ഞാന്‍ നിയമത്തില്‍ വിശ്വസിക്കുന്നു. നീതിക്കായി പോരാടാനാണ് ഞാനിവിടെ നില്‍ക്കുന്നത്". ധീരയായ മകളുടെ ധീരമായ വാക്കുകള്‍. പക്ഷേ നമ്മള്‍ കേള്‍ക്കുന്നുണ്ടോ?

(ബൃന്ദ കാരാട്ട് www.ndtv.comല്‍ എഴുതിയ ലേഖനം

സ്വതന്ത്ര പരിഭാഷ- സിതാര ശ്രീലയം)

Similar Posts