റഫാല്‍: എന്‍.സി.പിയില്‍ വീണ്ടും പൊട്ടിത്തെറി; പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാജിവെച്ചു
|തനിക്ക് പിന്നാലെ കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് അവകാശപ്പെട്ടാണ് എന്‍.സി.പി ജനറല്‍ സെക്രട്ടറിയും മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവുമായ മുനാഫ് ഹക്കീം പാര്‍ട്ടി വിട്ടത്.
റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് ശരദ് പവാർ നടത്തിയ പരാമർശത്തിൽ എന്‍.സി.പിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാവ് താരിഖ് അന്‍വറിന് പിന്നാലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുനാഫ് ഹക്കീം കൂടി രാജിവച്ചു. പവാറിന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും വിഷയത്തില്‍ കോണ്‍ഗ്രസുമായി പ്രശ്നങ്ങളില്ലെന്നും എന്‍.സി.പി ആവര്‍ത്തിച്ചു.
തനിക്ക് പിന്നാലെ കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് അവകാശപ്പെട്ടാണ് എന്‍.സി.പി ജനറല്‍ സെക്രട്ടറിയും മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവുമായ മുനാഫ് ഹക്കീം പാര്‍ട്ടി വിട്ടത്. റഫാല്‍ വിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഗൂഢലക്ഷ്യങ്ങളില്ലെന്നാണ് അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞിരുന്നത്. ഇതിനെ പിന്തുണക്കുകയും നായീകരിക്കുകയും ചെയ്യുക പ്രയാസമാണെന്ന് ഹക്കീം വ്യക്തമാക്കി. എന്നാല്‍ പവാറിന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന വിശദീകരണം ആവര്‍ത്തിച്ച് എന്‍.സി.പി നേതാവും പവാറിന്റെ മകളുമായ സുപ്രിയ സുലേ രംഗത്തെത്തി. ഇക്കാര്യം കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്തു. ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും സുപ്രിയ പറഞ്ഞു.
അതേസമയം, എന്‍.സി.പി വിട്ട താരിഖ് അന്‍വര്‍ തന്റെ മുന്‍ പാര്‍ട്ടിയായ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങുമെന്നും സൂചനകളുണ്ട്. ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് അന്‍വര്‍ ഇന്നലെ പ്രതികരിച്ചത്. സോണിയാ ഗാന്ധിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 1999 ലാണ് താരിഖ് അന്‍വര്‍ കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയില്‍ ചേര്‍ന്നത്.