പശുക്കളെ സേവിക്കാൻ മധ്യപ്രദേശില്‍ പശു മന്ത്രാലയം സ്ഥാപിക്കുമെന്ന് ശിവരാജ് സിങ് ചൗഹാൻ
|ഭൂമിയുടെ ലഭ്യത അനുസരിച്ച് കൂടുതൽ പശു സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ചൌഹാന്‍ കൂട്ടിച്ചേര്‍ത്തു.
പശുക്കളെ നല്ല രീതിയിൽ സേവിക്കാൻ മധ്യപ്രദേശില്‍ ഗൗ മന്ത്രാലയ(പശു മന്ത്രാലയം) സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. മധ്യപ്രദേശിലെ ഗൌപാലൻ ഇവാം പശുദാന്‍ സംവര്‍ധന്‍ ബോർഡ് പശു മന്ത്രാലയമാക്കി മാറ്റുമെന്നും ചൌഹാന്‍ കൂട്ടിച്ചേര്‍ത്തു.
സുസ്നറിന് സമീപം സ്ഥാപിച്ച രാജ്യത്തെ ആദ്യ പശു സംരക്ഷണ കേന്ദ്രത്തെ(കൌ സാങ്ച്വറി) പരാമർശിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് പശുക്കളുടെ എണ്ണം കൂടുതലായതിനാല്‍ ഈ കേന്ദ്രം മതിയാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമിയുടെ ലഭ്യത അനുസരിച്ച് കൂടുതൽ സാങ്ച്വറികള്‍ സ്ഥാപിക്കുമെന്നും ചൌഹാന്‍ കൂട്ടിച്ചേര്‍ത്തു.
ഖുജുരാവിൽ ഗോശാലകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു ചൗഹാൻ പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് അടുക്കുന്ന സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ വന്ന് ദിവസങ്ങൾക്കകമാണ് ചൌഹാന്റെ വിവാദ പ്രഖ്യാപനം.