അലിഗഡ് ഏറ്റുമുട്ടൽ കൊലപാതകം; പാവങ്ങളായത് കൊണ്ട് ഞങ്ങൾക്ക് നീതി ലഭിക്കില്ലെന്ന് കുടുംബങ്ങൾ
|ഉത്തർപ്രദേശിലെ ലക്നൗവിൽ പോലീസ് വെടി വെപ്പിൽ കൊല്ലപ്പെട്ട ആപ്പിൾ എക്സിക്യൂട്ടീവ് വിവേക് തീവാരിയുടെ നീതിക്ക് വേണ്ടി ദേശിയ മാധ്യമങ്ങളും സോഷ്യൽ മീഡിയയും രംഗത്തിറങ്ങിയപ്പോഴും അലിഗഡിലെ മുസ്ലിം ചെറുപ്പക്കാരുടെ ‘വ്യാജ’ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആരും ഏറ്റെടുത്തില്ല എന്നാരോപിക്കുകയാണ് മരിച്ച യുവാക്കളുടെ കുടുംബങ്ങൾ. ഏറ്റുമുട്ടലിന് നാല് ദിവസം മുൻപ് പോലീസ് തങ്ങളുടെ മക്കളെ വീട്ടിൽ വന്ന് വിളിച്ചിറക്കി കൊണ്ട് പോവുകയായിരുന്നെന്നാണ് കുടുംബങ്ങൾ പറയുന്നത്.
ये à¤à¥€ पà¥�ें- ‘നാല് ദിവസം മുന്നേ പോലീസ് മക്കളെ കൊണ്ട് പോയി’; അലിഗഡിലേത് വ്യാജ ഏറ്റുമുട്ടലെന്ന് കുടുംബങ്ങൾ
‘ഞങ്ങൾ പാവപ്പെട്ടവരാണ്, ഞങ്ങൾക്ക് നീതി ലഭിക്കില്ല. ഞങ്ങൾ നീതി ലഭിക്കാൻ വേണ്ടിയാണ് ഇവിടെ വന്നത്. ഞങ്ങൾ ഞങ്ങളുടെ ഇഷ്ടത്തോട് കൂടിയാണ് ഇവിടെ വന്ന് നിങ്ങളോട് സംസാരിക്കുന്നത്. ഇപ്പോൾ നീതി നിങ്ങളുടെ കൈയിലാണ്. മോഡി ഞങ്ങൾക്ക് നീതി ലഭ്യമാക്കുമോ? ഞങ്ങൾക്ക് നീതി തരാൻ ആരും തന്നെയില്ലേ?’; സങ്കടത്തോടെയും രോഷത്തോടെയുമാണ് മുസ്തകീമിന്റെ ഉമ്മ ശബാന മാധ്യമങ്ങളോട് ഡൽഹിയിൽ സംസാരിച്ചത്. മുസ്തകീമും ഭാര്യാ സഹോദരൻ നൗഷാദുമായിരുന്നു സെപ്തംബര് 20ന് അലിഗഡിൽ വെച്ച് ഉത്തർപ്രദേശ് പോലീസിന്റെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
മാധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോൾ മുസ്തകീമിന്റെ ഉമ്മ ശബാന പലപ്പോഴും വിതുമ്പുന്നുണ്ടായിരുന്നു.
‘ജോലിക്കിടയിൽ ഭക്ഷണം കഴിക്കാനായിരുന്നു ഞങ്ങളുടെ മക്കൾ വീട്ടിലെത്തിയത്. ആ സമയത്താണ് പോലീസ് വന്ന് ഇവരെ പിടിച്ച് കൊണ്ട് പോയതും. ചെറിയ അന്വേഷണത്തിന് ശേഷം തിരച്ചയക്കാം എന്നാണ് പോലീസ് ഞങ്ങളോട് പറഞ്ഞത്. പോലീസ് വന്ന് വീട് മുഴുവൻ അരിച്ചുപെറുക്കി അവരുടെ ഐ.ഡിയും ആധാർ രേഖകളും പിടിച്ചെടുത്ത് കൊണ്ട് പോയി. പിന്നീട് മുസ്തകീമിനെ തിരഞ്ഞ് പോലീസ് സ്റ്റേഷനിൽ എത്തിയ എന്നോട് അവനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെന്ന കള്ളമാണ് പറഞ്ഞത്. പിന്നീടാണ് മുസ്തകീമിനെ പോലീസ് കൊലപ്പെടുത്തിയ കാര്യം ഞാനറിയുന്നത്. മയ്യിത്ത് നമസ്കാരത്തിന് പോലും അവർ സമ്മതിച്ചില്ല. അതിന് മുൻപേ അവരത് മറവ് ചെയ്തിരുന്നു.’ ശബാന പറയുന്നു.
മുസ്തകീമും നൗഷാദും മോട്ടോർ ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ച് കടന്ന് കളയുന്നതിനിടയിൽ പിടിക്കാനായി പോലീസ് പോകുന്നതിനിടയിൽ ഏറ്റുമുട്ടൽ നടന്ന് കൊല്ലപ്പെട്ടതാണെന്ന് അലിഗഡ് എസ്.പി അടൽ കുമാർ ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. മാധ്യമങ്ങളെ വിളിച്ച് നടത്തിയ രാജ്യത്തെ ആദ്യത്തെ ഏറ്റുമുട്ടൽ കൊലപാതകമെന്ന പ്രത്യേകതയും അലിഗഡ് ഏറ്റുമുട്ടലിനുണ്ട്. പ്രാദേശിക പത്ര പ്രവർത്തകരെ പോലീസ് വിളിച്ച് ഏറ്റുമുട്ടൽ കാണാനും വീഡിയോ എടുക്കാനും അവസരം തരാമെന്ന് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്രയും വലിയ നിയമ ലംഘനങ്ങൾ നടന്ന കേസിൽ നീതി ലഭ്യമാക്കെണമെന്നാവിശ്യപെട്ടായിരുന്നു മരിച്ചവരുടെ കുടുംബങ്ങൾ ഇന്നലെ ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട് ആവശ്യപ്പെട്ടത്.
അതേ സമയം, മാധ്യമ വാർത്തകളെ തുടർന്നുള്ള പ്രതിഷേധത്തെ തുടർന്ന് ആപ്പിൾ എക്സിക്യൂട്ടീവ് വിവേക് തിവാരിയുടെ കുടുംബത്തിന് യോഗി ആദിത്യനാഥിന്റെ സർക്കാർ ഗവണ്മെന്റ് ജോലിയും വീടും ഇരുപത്തഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു. കേസിൽ സി.ബി.ഐ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.