India
നാലു വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതി തള്ളിയത് 3 ലക്ഷം കോടി രൂപ
India

നാലു വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതി തള്ളിയത് 3 ലക്ഷം കോടി രൂപ

Web Desk
|
1 Oct 2018 9:33 AM GMT

ആസ്തിബാധ്യത പട്ടികയില്‍ ബാങ്കുകള്‍ മെച്ചപ്പെട്ട നിലയിലാണെന്ന് വരുത്തിതീര്‍ക്കാനാണ് ബാങ്കുകള്‍ കിട്ടാക്കടം എഴുതി തള്ളുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 21 പൊതുമേഖല ബാങ്കുകള്‍ മൂന്ന് ലക്ഷത്തി പതിനാറായിരം കോടി രൂപ കിട്ടാക്കടമായി എഴുതിതള്ളിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വെറും 44900 കോടി രൂപ മാത്രമാണ് ഈ ബാങ്കുകള്‍ക്ക് തിരിച്ച് പിടിക്കാനായത്. അതേസമയം നീരവ് മോദിയുടെ 637 കോടി രൂപയുടെ ആസ്തി അഞ്ച് രാജ്യങ്ങളില്‍ നിന്ന് പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി

2018 -19 കാലത്തേക്ക് സര്‍ക്കാര്‍ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സംരക്ഷണം എന്നീവക്കായി ഒരു ലക്ഷത്തി മുപ്പത്തിയെട്ടായിരം കോടി രൂപ നീക്കിവെച്ചിട്ടുള്ളപ്പോള്‍ ഇതിനേക്കാള്‍ രണ്ടിരട്ടി തുകയാണ് ബാങ്കുകള്‍ കിട്ടാകടമായി എഴുതി തള്ളിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റിക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് അനുസരിച്ച്, നാല് വര്‍ഷത്തിനുള്ളില്‍ പൊതുമേഖലാ ബാങ്കുകള്‍ കടങ്ങള്‍ തിരിച്ച് പിടിക്കുന്നതിന്‍റെ നിരക്ക് വെറും 14.2 ശതമാനമാണ്. സ്വകാര്യബാങ്കുകള്‍ അഞ്ച് ശതമാനവും.

ഇന്ത്യയിലെ ബാങ്കിങ് രംഗത്തെ നിഷ്ക്രിയ ആസ്തിയില്‍ 86 ശതമാനവും ഈ 21 പൊതുമേഖലാ ബാങ്കുകളുടേതാണെന്നാണെന്നും റിസര്‍വ് ബാങ്ക് പറയുന്നു. 2015-16 കാലത്താണ് നിഷ്ക്രിയ ആസ്തിക്ക് ഏറ്റവും കുടുതല്‍ വളര്‍ച്ചയുണ്ടായത്. 2014-15 ലെ 4.62 ശതമാനം, 2015-16 ആയതോടെ 7.79 ശതമാനമായി ഉയര്‍ന്നു. 2017 ഡിസംബര്‍ അവസാനം 10.41 ശതമാനമായി ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ഉയര്‍ന്നു.

കിട്ടാക്കടം എഴുതി തള്ളുന്നത് ആസ്തിബാധ്യത പട്ടികയില്‍ ബാങ്കുകള്‍ മെച്ചപ്പെട്ട നിലയാണെന്ന് വരുത്തിതീര്‍ക്കാനാണെന്നാണ് ബാങ്ക് മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അതേസമയം ബാങ്കുകളില്‍ നിന്നുള്ള കടം തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ 5 ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും ആദായനികുതി വകുപ്പ് 278 കോടി പിടിച്ചെടുത്തു. ഡയമണ്ട് ആഭരണങ്ങള്‍ ഹോങ്കോങ്ങില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചതായും മുംബൈയിലെ ഫ്ലാറ്റ് പിടിച്ചെടുത്തുതായും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.

Similar Posts