പ്രതിഷേധങ്ങളുടെ പേരിൽ പൊതു-സ്വകാര്യ മുതൽ നശിപ്പിക്കുന്നത് തടയാൻ സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ
|പൊതുമുതൽ നശിപ്പിക്കുന്നവർക്ക് അതിന്റെ ഉത്തരവാദിത്തം നിശ്ചയിച്ചുകൊണ്ടാണ് മാർഗ നിർദ്ദേശങ്ങൾ. പക്ഷേ വിധിയുടെ വിശദാംശങ്ങൾ തുറന്ന കോടതിയിൽ വായിച്ചില്ല.
പ്രതിഷേധങ്ങളുടെ പേരിൽ പൊതു-സ്വകാര്യ മുതൽ നശിപ്പിക്കുന്നത് തടയാൻ സുപ്രീം കോടതി കൂടുതൽ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഷേധങ്ങൾ അക്രമസക്തമാകുന്ന പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി നൽകിയ ഹർജിയിലാണ് വിധി പ്രസ്താവിച്ചത്.
പൊതുമുതൽ നശിപ്പിക്കുന്നവർക്ക് അതിന്റെ ഉത്തരവാദിത്തം നിശ്ചയിച്ചുകൊണ്ടാണ് മാർഗ നിർദ്ദേശങ്ങൾ. പക്ഷേ വിധിയുടെ വിശദാംശങ്ങൾ തുറന്ന കോടതിയിൽ വായിച്ചില്ല. ഹർജിക്കാരും അറ്റോർണി ജനറലും നൽകിയ നിർദ്ദേശങ്ങൾ കൂടി വിധിയിൽ ഉൾപ്പെടുത്തിയട്ടുണ്ട്. വിധിപകർപ്പ് വൈകീട്ട് പ്രസിദ്ധീകരിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. ദീപക് മിശ്രയുടെ അവസാന വിധി പ്രസ്താവം കൂടി ആയിരുന്നു ഇത്.
പത്മാവദ് ഹിന്ദി സിനിമക്കെതിരെ പ്രതിഷേധിച്ചവർ വിവിധ ഇടങ്ങളിൽ തിയേറ്ററുകൾ നശിപ്പിച്ചതിന് പിന്നാലെയാണ് ഇത് സംബസിച്ച ഹർജി സുപ്രീം കോടതിയിൽ എത്തിയത്.
പൊതു, സ്വകാര്യ സ്വത്തുവകകള്‍ നശിപ്പിക്കപ്പെട്ടാല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്കു വ്യക്തിപരമായി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന 2009ലെ സുപ്രീംകോടതി നിര്‍ദേശം കര്‍ശനമായി നടപ്പാക്കണം എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം ഗൗരവം ഉള്ളതാണെന്ന് കോടതി വിലയിരുത്തിയിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കാൻ മാർഗ്ഗ നിർദ്ദേശങ്ങൾ ഇറക്കേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു.