ബലാത്സംഗക്കേസുകളില്‍ മൊഴി മാറ്റിയാല്‍ പരാതിക്കാരിക്കെതിരെ കേസെടുക്കാം: സുപ്രീംകോടതി
|പരാതിക്കാരി മൊഴി മാറ്റിയിട്ടും ബലാത്സംഗക്കേസില്‍ പ്രതികള്‍ക്ക് വിധിച്ച ശിക്ഷ ശരിവെച്ച ഗുജ്റാത്ത് ഹൈക്കോടതി വിധി അംഗീകരിച്ചാണ് സുപ്രിം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.
ബലാത്സംഗക്കേസുകളില്‍ വിചാരണക്കിടെ മൊഴിമാറ്റിയാല്‍ പരാതിക്കാരിക്കെതിരെ കേസെടുക്കാമെന്ന് സുപ്രീം കോടതി. പരാതിക്കാരി മൊഴി മാറ്റിയാലും കേസ് അവസാനിപ്പിക്കരുതെന്നും മറ്റ് തെളിവുകള്‍ അടിസ്ഥാനമാക്കി വിചാരണ തുടരണമെന്നും നിയുക്ത ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മൊഴിമാറ്റി അതീവ ഗുരുതരമായ കേസുകളിലെ കോടതിയുടെ സത്വാന്വേഷണത്തെ തടസ്സപ്പെടുത്താന്‍ അനുവദിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
പരാതിക്കാരി മൊഴി മാറ്റിയിട്ടും ബലാത്സംഗക്കേസില്‍ പ്രതികള്‍ക്ക് വിധിച്ച ശിക്ഷ ശരിവെച്ച ഗുജ്റാത്ത് ഹൈക്കോടതി വിധി അംഗീകരിച്ചാണ് സുപ്രിം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. ബലാത്സംഗക്കേസുകളില്‍ വിചാരണക്കിടെ മൊഴി മാറ്റിയാല്‍ ഇരയായ പരാതിക്കാരിക്കെതിരെ കേസെടുക്കണം. പരാതിക്കാരി മൊഴി മാറ്റിയത് കൊണ്ട് മാത്രം കേസ് അവസാനിപ്പിക്കരുത്. മെഡിക്കല്‍ റിപ്പോര്‍ട്ടുകളുള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ തുടരണം. കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പ് വരുത്തണമെന്നും നിയുക്ത ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ക്രിമിനല്‍ കേസുകളിലെ വിചാരണ സത്യം തേടിയുള്ള അന്വേഷണമാണ്. മൊഴിമാറ്റത്തിലൂടെ കോടതി നടത്തുന്ന അതീവ ഗൌരവതരമായ നടപടികളെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് കോടതിക്ക് കണ്ണും കെട്ടി നോക്കി നില്‍ക്കാനാകില്ലെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം ബലാത്സംഗത്തിനിരയായത് ഒന്പതാം വയസ്സിലാണെന്ന കാര്യവും, നിലവില്‍ കുടുംബമായി ജീവിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് ഗുജ്റാത്ത് കേസിലെ പരാതിക്കാരിക്കെതിരെ കേസെടുക്കേണ്ടെന്നും കോടതി വിധിച്ചു.